മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ പ്രവൃത്തി വേഗത്തിൽ നടന്നു വരികയാണ്. ആറുമാസം കൊണ്ടു തന്നെ വീടു നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം.430 വീടുകളാണ് ഉരുൾപൊട്ടൽ അതി ജീവിതർക്കായി എൽസ്റ്റണിൽ ഉയരുന്നത്. മാതൃകാ വീടിന്റെ നിർമാണമാണ് ആദ്യം പൂർത്തീകരിക്കുക.
ഏഴുസെന്റ് വീതം ഭൂമിയിൽ രണ്ടുനില വീടിനുള്ള അടിത്തറ ഒരുക്കിയാണ് ആയിരം ചതുരശ്രയടിയിൽ വീടുകളൊരുക്കുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കണ്ണായ പ്രദേശത്ത് നിർമാണം വേഗത്തിൽ നടന്നുവരികയാണ്
പ്രാഥമികാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹാൾ, അംഗൻവാടി, പ്ലേ ഗ്രൗണ്ട് അങ്ങനെയെല്ലാം ടൗൺഷിപ്പിൽ ഊരാളുങ്കൽ ഒരുക്കുന്നുണ്ട്. മാർച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിട്ടതിനു പിന്നാലെ അതിവേഗം ദൗത്യം തുടങ്ങി. മൂന്നുഘട്ടങ്ങളിലായി 402 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിച്ച് അന്തിമപട്ടിക ഉടൻ പുറത്തു വിടുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് ഊരാളുങ്കൽ അറിയിച്ചത്. ലോകത്തിനു മുന്നിൽ മികച്ച പുനരധിവാസ മാതൃക കേരളം കാണിച്ചു കൊടുക്കുമെന്ന് സർക്കാരും ഉറപ്പു നൽകുന്നുണ്ട്