മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായാണ് സൂചന. കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഉപരിതല ഗതാഗതമന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ കാണാനും സമയം തേടിയിട്ടുണ്ട്.
ഔദ്യോഗിക വസതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ കണ്ടത്. 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. മുണ്ടക്കൈ, ചൂരല്‍മ ഉരുള്‍പൊട്ടലില്‍ 2000 കോടി രൂപ ധനസഹായം അനുവദിക്കണം എന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടതായാണ് വിവരം. കേന്ദ്രം അനുവദിച്ച 260 കോടി അപര്യാപ്തമാണെന്നും അറിയിച്ചു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.
പ്രധാനമന്ത്രി മുംബൈയില്‍ ആയതിനാല്‍ കൂടിക്കാഴ്ചയ്ക്കുള്ള സമയം ലഭിച്ചിട്ടില്ല. നിയമസഭയില്‍ ശബരിമലയെ ചൊല്ലി ഭരണ– പ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിയിലെത്തിയത്. നജീബ് കാന്തപുരം എം.എല്‍.എയെ ദേഹനിന്ദ നടത്തിയതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ധനമന്ത്രി കെ.എന്‍.ബാലഗോപാലും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.