TOPICS COVERED

വിവര സാങ്കേതിക രംഗത്തെ ലോകത്തെ അറിയപ്പെട്ടുന്ന ഇന്നവേഷന്‍ ഹബ് ആയി മാറാനുള്ള പരിശ്രമത്തിലാണ് കേരളം. ആ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പുകളാണ് 9 വര്‍ഷത്തിനിടെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത്. കേരളത്തിന്‍റെ ഗ്രമീണ മേഖലകളിലേക്കുവരെ ഐ.ടി പാര്‍ക്കുകള്‍ വ്യാപിപ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും, ഗ്രഫീന്‍ ഇന്നവേഷനും ഉള്‍പ്പെടേ വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിന്‍റെ പാതയിലാണ് കേരളത്തിലെ ഐ.ടി മേഖല. 

വിവര സാങ്കേതിക രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ കേരളത്തിന്‍റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 1995ല്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ 50 ഏക്കര്‍  ഭൂമിയില്‍ മൂന്ന് കമ്പനികളുമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്കായ ടെക്നോ പാര്‍ക്കിലൂടെയാണ് നമ്മള്‍ പിച്ചവെച്ച് തുടങ്ങിയത്. ടെക്നോ പാര്‍ക്കില്‍ നിന്നും കൊച്ചി ഇന്‍ഫോ പാര്‍ക്കിലേക്കും പിന്നെ കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്കും അനവധി ചെറുകിട പാര്‍ക്കുകളിലേക്കുമായി കേരളത്തിന്‍റെ മുക്കുമൂലകളിലേക്ക് ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിക്കുകയാണ്. ഈ അടിസ്ഥാന സൗകര്യ വികസനം തന്നെയാണ് ഒമ്പത് വര്‍ഷത്തെ പിണറായി ഭരണത്തില്‍ ഐ.ടി മേഖലയിലുണ്ടായ പ്രധാനമാറ്റം. 

എന്നാല്‍ ഐ.ടി പാര്‍ക്കുകള്‍ക്കപ്പുറത്ത്  കേരളത്തെ വിവര സാങ്കേതിക വിദ്യിലൂന്നിയ ഇന്നവേഷന്‍സിന്‍റെ കേന്ദ്രമാകാനുള്ള മുന്നൊരുക്കത്തിലാണ് കേരളം. അതിനുള്ള അടിത്തറ പാകിയെന്നതാണ് 9 വര്‍ഷത്തെ പിണറായി ഭരണം ഐ.ടി മേഖലയ്ക്ക് നല്‍കിയ മുഖ്യ സംഭാവന.  ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാല, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍. ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്‍ററുകള്‍. അങ്ങനെ പുതുകാലത്തിന്‍റെ  മനമറിഞ്ഞുള്ള കാല്‍വയ്പുകള്‍ അനവധി.  ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലെ ഗവേഷണവും പ്രായോഗിക തലത്തില്‍ അവ നടപ്പില്‍ വരുത്തുന്നതിനുള്ള പരിശീലനവുമാണ് ഡിജിറ്റല്‍ സര്‍വ്വകലാശലയെന്ന ആശയത്തിന് പിന്നിലുള്ളത്.  കേരളത്തിന്‍റെ ഡിജിറ്റല്‍ കാഴ്ചപ്പാട് സോഫ്റ്റ്‌വെയറുകള്‍ക്കപ്പുറം ഡീപ് സയന്‍സില്‍ ഊന്നതുന്നതിന്‍റെ ഉദാഹരണമാണ് ഗ്രാഫീന്‍ ഉല്‍പ്പനങ്ങളുടെ ഉല്‍പാദനത്തിനും ഗവേഷണത്തിനും നല്‍കുന്ന ഊന്നല്‍.  ഗവേഷണം, പ്രോടോടൈപ്പ് ഉല്‍പ്പന്നം വികസിപ്പിക്കല്‍, വ്യവസായവത്കരണം എന്നിങ്ങനെ മൂന്ന് അടരുകളിലായി കൃത്യമായ റോഡ് മപ്പോട് കൂടിയാണ് കേരളത്തിന്‍റെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

പുതുതലമുറ സാങ്കേതിക വിദ്യാകളില്‍ നടത്തുന്ന ഈ നിക്ഷേപത്തോടൊപ്പം ഐ.ടി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ മുമ്പെങ്ങും കാണാത്ത വിധം മുന്നേറുകയാണ്. 760 ഏക്കര്‍ ഭൂമിയില്‍ 486 കമ്പനികളായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു തിരുവനന്തപുരം ടെക്നോ പാര്‍ക്ക്.  വാണിജ്യ–പാര്‍പ്പിട–വിദ്യാഭ്യാസ–ആരോഗ്യ സൗകര്യങ്ങള്‍ കൂടി  ചേര്‍ന്നുള്ള ഐ.ടി ടൗണ്‍ഷിപ്പുമായി ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. അഞ്ചാം ഘട്ടം കൊല്ലം അഷ്ടമുടിക്കായലോരത്താണ് ഒരുങ്ങുന്നത്. 100 ഏക്കര്‍ സ്ഥലത്ത് 4 കമ്പനികളുമായി 2004ല്‍ ആരംഭിച്ച കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഇന്ന് 323 ഏക്കറില്‍ 582 കമ്പനികളായി വികസിച്ചിരിക്കുന്നു. 300 ഏക്കര്‍ സ്ഥലത്ത് ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. കോഴിക്കോട് സൈബര്‍ പാര്‍ക്കും മറ്റനേകം ചെറുകിട പാര്‍ക്കുകളുമായി ഐ.ടി അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിന്‍റെ മുക്കുമൂലകളിലും വ്യാപിക്കുന്നു. 1652 കോടി രൂപയുടെ ഐ.ടി അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കിഫ്ബി വഴി സര്‍ക്കാര്‍ നടപ്പാക്കുന്നത്.  ഈ വികസനത്തിന്‍റെ തുടര്‍ ഫലമെന്നോണം കേരളത്തിന്‍റെ ഐ.ടി കയറ്റുമതിയില്‍ അഭൂതപൂര്‍വ്വമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 6310 കോടിയില്‍ നിന്നും  2023-24 സാമ്പത്തിക വര്‍ഷം 11,417 കോടിയിലേക്ക് കയറ്റുമതി വളര്‍ന്നു.  മൂന്ന് വര്‍ഷത്തിനകം എണ്‍പത് ശതമാനത്തോളം വര്‍ധന. പുതുതലമുറ സാങ്കേതിക വിദ്യകളില്‍ തുടക്കമിട്ട പദ്ധതികള്‍ ലോകത്തെ അറിയപ്പെടുന്ന ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന പ്രതീക്ഷയിലും അതിനുള്ള നടപടികളുമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 

ENGLISH SUMMARY:

Kerala is striving to become a globally recognized innovation hub in the IT sector. Over the past nine years, the Pinarayi Vijayan government has taken key steps toward this goal by expanding IT parks into rural areas and launching transformative projects like the Digital Science Park and the Graphene Innovation Centre.