തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സ്വയം വിമര്‍ശിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും ഇടത് സൈബര്‍ ഗ്രൂപ്പ് പോരാളി ഷാജി. തോറ്റത് ഞങ്ങളല്ല നമ്മളാണെന്ന തിരിച്ചറിവ് പ്രതിപക്ഷം തിരിച്ചറിയുന്നൊരു ദിവസം വരും. അന്ന് കോണ്‍ഗ്രസും ലീഗും സുഡാപ്പികളും ദുഖിക്കുമെന്നുമാണ് മുന്നറിയിപ്പ്.
തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കന്മാരെയും, പേര് പറയാതെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെയും, തോല്‍വിയില്‍ തള്ളിപ്പറഞ്ഞ പാര്‍ട്ടി അണികളെയും, പ്രവര്‍ത്തിക്കാത്ത നേതാക്കന്മാരെയും ഫെയ്സ് ബുക്ക് പോസ്റ്റ് അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നു.
'പാർട്ടിക്കാരോടാണ് - നിങ്ങൾ ആരാ.. ചോദിക്കുമ്പോ.. “ആ ഞങ്ങൾ കമ്മ്യൂണിസ്റ്റാ...” എന്ന് പറയുകയും തരം കിട്ടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് അമ്പലം, പള്ളി കമ്മിറ്റിക്കാരാവുകയും ചെയ്യും. എല്ലാവരും കണക്കാ എന്ന് പറഞ്ഞു പാർട്ടി പരിപാടികൾ പൊളിക്കുന്നവര്‍ ദയവായി ഈ പാർട്ടി വിട്ടു പോകുക.
ഇനി നേതാക്കന്മാരോടാണ് - എകെജി സെന്ററിലെ സുഖ ശീതളിമയിൽ നിന്നും നിങ്ങള്‍ തെരുവിലേക്കിറങ്ങുക. അവിടെ നിങ്ങൾക്കു മനുഷ്യരെ കാണാൻ കഴിയും. പിന്നെ മുമ്പ് സഖാവ് വിഎസ് മുഖ്യമന്ത്രി ആയിരിക്കെ, പാർട്ടി നിലപാട് പറയാനും, കൃത്യമായ രാഷ്ട്രീയ സ്റ്റാൻഡ് വ്യക്തമാക്കാനും ഒരു പാർട്ടി സെക്രട്ടറി ഉണ്ടായിരുന്നു. സഖാവ് പിണറായി. ഇന്ന് സംസ്ഥാന സർക്കാരിന്‍റെ നയം വ്യക്തമാക്കാനും ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പാർട്ടി നയം വ്യക്തമാക്കാനും ഒരാൾ മാത്രമേ ഉള്ളൂ. പിണറായി മാത്രം.
ഇനി തിരുവനന്തപുരത്തെ നേതാക്കളോടാണ് - കഴിഞ്ഞ 20 വർഷമായി ബിജെപി തലസ്ഥാനത്ത് വളരുന്നത് നിങ്ങൾ കണ്ടില്ലെന്നു നടിച്ചു, ചിലർ തല മറന്ന് എണ്ണ തേച്ചു. കിട്ടിയ പദവി ആജീവനാന്തമാണെന്ന മട്ടിൽ റോഡിൽ കണ്ട ബസ്സുകാരോട് തൊട്ട്, പാർട്ടി നേതാക്കളോട് വരെ അഹങ്കാരത്തോടും ധാഷ്ട്യത്തോടും പെരുമാറി.
ഇനി സർക്കാരിനോട് - നാടിനു നല്ല റോഡും കിടപ്പാടം ഇല്ലാത്തവർക്ക് കിടപ്പാടവും ആശുപത്രികളും നല്ല സ്കൂളുകളും ഒന്നുമല്ല വേണ്ടത്, അൽപ്പം വർഗ്ഗീയതയും വിദ്വേഷ വാക്കുകളും തമ്മിലടിയും മാധ്യങ്ങൾ പറയുന്ന കള്ള കഥകളുമാണ് ചിലർക്ക് വേണ്ടത്'.
മരണം വരെയും ഒന്നും ആഗ്രഹിക്കാതെ പാർട്ടിക്കായി പോരാടുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് പോരാളി ഷാജി വൈകാരികമായ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.