കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന കേസില്‍ ആരോപണം നേരിടുന്ന കോസ്മെറ്റിക്ക് ആശുപത്രി നടത്തിയത് കള്ളക്കളികള്‍ . ആശുപത്രിയുടെ രേഖകള്‍ പിടിച്ചെടുത്ത പൊലീസ് താല്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു. ഇപ്പോള്‍ ചികില്‍സയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത് കാറിലാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ലൈസെന്‍സ് ഇല്ലാതെയാണ് കോസ്മെറ്റിക്ക് ആശുപത്രി പ്രവര്‍ത്തിച്ചത്.
31 കാരിയായ സോഫ്റ്റവെയര്‍ എഞ്ചിനീയര്‍ നീതുവിന് ഒന്‍പതു വിരലുകള്‍ നഷ്ടമാക്കിയത് ഈ ആശുപത്രിയിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയാണ്. പൊലീസ് പൂട്ടിയതോടെ ഇപ്പോള്‍ സുരക്ഷജീവനക്കാര്‍ മാത്രമാണുള്ളത്.
നീതുവിന്‍റെ ദാരുണ അനുഭവം ഈ കോസ്റ്റമെറ്റിക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളിലുള്ള കള്ളത്തരങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. ആശുപത്രിയിലെ രേഖകള്‍ പൂര്‍ണമായും പിടിച്ചെടുത്തു പൊലീസ് നീതുവിന്‍റെ മൊഴിയും ഐസിയുവില്‍ രേഖപ്പെടുത്തി. ആറുലക്ഷം രൂപയാണ് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയക്ക് ആദ്യം ആശുപത്രി ആവശ്യപ്പെട്ടത്
പിന്നീടത് ഓഫറില്‍ മൂന്ന് ലക്ഷത്തിന് ചെയ്യാമെന്ന് പറയുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുടെ അഡ്രസ് ഇതാണെങ്കില്‍ , ഡിസ്ചാര്‍ജ് സമ്മറിയിലേ അഡ്രസ് ഇവരുടെ പൂട്ടിപ്പോയ പേട്ടയിലെ ആശുപത്രിയുടെതുമാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഈ കോസ്മെറ്റിക്ക് ആശുപത്രിക്ക് ആംബുലന്‍സ് പോലുമില്ലാതിരുന്നുവെന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത കൂട്ടുന്നു. കാറില്‍ നീതുവിനെ അനന്തപുരി ആശുപത്രിയിലേക്ക്
മാറ്റാന്‍ തീരുമാനിച്ചത് ഭര്‍ത്താവിനോട് പോലും സൂചിപ്പിക്കാതെയാണ്. ആശുപത്രി താല്ക്കാലികമായി പൂട്ടാന്‍ പൊലീസ് നിര്‍ദേശിച്ചതിന് ശേഷമാണ് ക്ലിനിക്കല്‍എസ്റ്റാബ്ളിഷ്മെന്‍റ് ലൈസെന്‍സിന് അപേക്ഷിച്ചത് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു . ഡോ. ഷെനാള്‍ ശാശങ്കനെതിരെയും ആശുപത്രിക്കെതിരെയും കടുത്ത നടപടിയാണ് നീതുവിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.