എമ്പുരാന്‍ ചിത്രം റിലീസായതിന് പിന്നാലെ ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ചിത്രത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പൃഥ്വിരാജിനെതിരെ ഉയർന്ന പ്രധാന വിമർശനം. സയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തിയത്. സയ്ദ് മസൂദിന്‍റെ ചെറുപ്പ കാലത്ത് തീവ്രവാദ സംഘടനയിൽ ചേരുന്നതും പിന്നീട് മോഹൻലാലിന്‍റെ കഥാപാത്രം വന്ന് രക്ഷിക്കുന്നതുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പൃഥ്വിരാജിന്‍റെ ചിത്രം വച്ച് മസൂദ് അസറിന്‍റെ കുടുംബത്തെ തീര്‍ത്തെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജിന്‍റെ ചിത്രം പങ്കുവച്ചുള്ള കുറിപ്പിന് പിന്നാലെ സംഘപരിവാര്‍ സൈബറിടങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഓപ്പറേഷൻ സിന്ദൂർ... രായപ്പൻ അസ്വസ്ഥനാണ്', 'രാജപ്പാ നിന്‍റെ തീവ്രവാദി യജമാനന്മമരെ വീട്ടിൽ കേറി തീർത്തിട്ട് ഉണ്ട്', 'നിന്‍റെ വാപ്പച്ചി മസൂദ് അസറിന്‍റെ കേന്ദ്രം ഒക്കെ തകർത്തിട്ടുണ്ട്', 'രാജപ്പൻ, നിങ്ങളുടെ സുഹൃത്ത് മസൂദിന്‍റെ ഭീകര താവളം ഇന്ത്യൻ പട്ടാളം ചാമ്പലാക്കി... വാർത്ത കേട്ടപ്പോൾ നിങ്ങൾക്കുള്ള ദുഃഖം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും' എന്നൊക്കെയാണ് പൃഥ്വിരാജിനെതിരെ ഉയരുന്ന കമന്‍റുകള്‍.
അതേ സമയം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സായുധ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘ഭീകരതയ്ക്ക് എവിടെയും നിലനിൽക്കാൻ അവകാശമില്ല. നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ്ഹിന്ദ്’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.