സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന എം സ്വരാജിന്‍റെ എഫ് ബി പോസ്റ്റിന് മറുപടിമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അതിർക്കപ്പുറത്ത് പോകും മുൻപ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് സ്വരാജ് ഒന്ന് പോകണമെന്നു രാഹുല്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് PR ന്റെ വീട് അക്രമിക്കുകയും ചെയ്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീ എം സ്വരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ടിരുന്നു.  അതിർത്തിയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയും അതിൽ ഉണ്ടാകുന്ന രക്ത ചൊരിച്ചിലിനെ പറ്റിയും ഒക്കെയുള്ള ‘വേദനയാണ്’ ആ തികഞ്ഞ ‘മനുഷ്യ സ്നേഹിയിൽ’ നിന്ന് ഉണ്ടാകുന്നത്.

Read Also: ‘സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധം അതിര്‍ത്തിയിലെ പൂരം’; പോസ്റ്റിനെതിരെ വിമര്‍ശനം

“സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണ്”. ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത. അല്ലയോ മനുഷ്യസ്നേഹി, അതിർക്കപ്പുറത്ത് പോകും മുൻപ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് ഒന്ന് പോകണം. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് PR ന്റെ വീട് അക്രമിക്കുകയും ചെയ്തു. 

പാകിസ്ഥാനിൽ ഇന്ത്യയുടെ മിസൈലാക്രമണത്തിൽ പൊളിഞ്ഞ വീടുകളെ പറ്റി ആശങ്കപ്പെടുന്ന മനുഷ്യസ്നേഹി, സനീഷിന്റെ വീട് അക്രമിച്ചപ്പോൾ ചുടുകട്ട വന്ന് പതിച്ചത് അവന്റെ നാലു വയസുകാരി മകളുടെ തൊട്ടടുത്താണ്. ഇന്ത്യ അതിർത്തിയിലെ മനുഷ്യരെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്ന അതേ ദിവസം, എന്തിനേറെ പറയുന്നു കണ്ണൂരിൽ പോലും പൗരനെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകളുടെ ഭാഗമായ മോക്ക് ഡ്രിൽ നടത്തുന്ന അതേ സമയം തന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിലെ തീവ്രവാദികൾ കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിജിൽ മോഹനെയും സംസ്ഥാന ഭാരവാഹികൾ റഷീദും, രാഹുൽ വെച്ചിയോട്ടും മുഹ്സിനും അടക്കമുള്ളവരെ തടഞ്ഞ് വെച്ച് അക്രമം അഴിച്ച് വിട്ടത്.

പാകിസ്ഥാൻ ഇന്ത്യയോട് കാണിക്കുന്ന ഭീകരപ്രവർത്തനം ഒരിക്കൽപോലും കാണാതെ, അനിവാര്യമായ ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കും. ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂ

ENGLISH SUMMARY:

Rahul mamkoottathil against M Swaraj FB post