ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മകള്‍ ആരതി. തിരിച്ചടിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഈ വാര്‍ത്ത കേള്‍ക്കാനായാണ് കാത്തിരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുന്ന ഭീകരാവാദത്തിന് ഇങ്ങനെ വേണം മറുപടി നല്‍കേണ്ടതെന്നും ആരതി പറഞ്ഞു. ' എന്‍റെ അമ്മയുടേതുള്‍പ്പടെ നിരവധി സ്ത്രീകളുടെ സിന്ദൂരം മായിച്ച ഭീകരവാദികള്‍ക്ക്, എന്നെപ്പോലെ പലമക്കളുടെയും മുന്നില്‍ വച്ച് അച്ഛനെ കൊന്ന, സഹോദരിയുടെ മുന്നില്‍ വച്ച് സഹോദരനെ കൊന്ന ഈ തീവ്രവാദത്തിന് ഇതില്‍പ്പരം ഇതിനെക്കാള്‍ കൃത്യമായ മറുപടിയോ, പേരോ ഇല്ലെന്നും ആരതി പറഞ്ഞു. ഇതാണ് മറുപടി. ഇങ്ങനെ തന്നെ തിരിച്ചടിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിമാന്‍ഷിക്കും ഈ തിരിച്ചടി ആശ്വാസമാകുമെന്നും ആരതി പറഞ്ഞു.
ആരതിയുടെ പിതാവ് രാമചന്ദ്രന്‍ ഉള്‍പ്പടെ 26 പേരുടെ ജീവനാണ് പഹല്‍ഗാമില്‍ ഭീകരവാദികള്‍ എടുത്തത്. ബൈസരണ്‍വാലിയില്‍ എത്തിയ വിനോദസഞ്ചാരികളെ നിഷ്കരുണം ഭീകരവാദികള്‍ പേര് ചോദിച്ച് വകവരുത്തുകയായിരുന്നു. ആക്രമണം നടന്ന് പതിനഞ്ചാംനാള്‍ ഇന്ത്യ പാക് അധീനകശ്മീരിലെ ഭീകരത്താവളങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ മറുപടി.
നീതി നടപ്പിലാക്കി എന്നായിരുന്നു ഇന്ത്യന്‍ സൈന്യം തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. പാക് അധീന കശ്മീരിലെ ഒന്‍പതിടങ്ങളില്‍ ആക്രമണം നടത്തിയ ഇന്ത്യ നിരവധി ഭീകരരെ വധിച്ചു. ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക് അധീനകശ്മീരിലെ മദ്രസകളും പള്ളികളും പാക്കിസ്ഥാന്‍ ദ്രുതഗതിയില്‍ ഒഴിപ്പിക്കുകയാണ്.
സ്കാല്‍പ് മിസൈലുകളും ഹാമര്‍ ബോബുകളുമാണ് ഇന്ത്യ വര്‍ഷിച്ചത്. ബഹവല്‍പുര്‍, മുരിദ്കെ, ഗുല്‍പുര്‍, ഭിംബര്‍, ചക് അമ്റു, ബാഗ്, കോട്ലി, സിയാല്‍കോട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. ഇന്ത്യന്‍ മണ്ണില്‍ നിന്നായിരുന്നു പാക്കിസ്ഥാനുള്ള തിരിച്ചടിയെന്നും സൈന്യം വ്യക്തമാക്കി. ഹവല്‍പുറിലെ ജയ്ഷെ ക്യാംപുകളും മുരിദിലെ ലഷ്കര്‍ കേന്ദ്രവുമായിരുന്നു സൈന്യം പ്രധാനമായും ലക്ഷ്യമിട്ടത്.