തെരുവുനായ്ക്കള്‍ മനുഷ്യജീവന് ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി നാള്‍ക്കുനാള്‍ കൂടിവരുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കണം എന്നലക്ഷ്യത്തോടെ കൊണ്ടുവന്ന എ.ബി.സി പദ്ധതിക്ക് എന്താണ് സംഭവിച്ചത്. തെരുവ് നായ്ക്കളുടെ കടിമൂലം പേവിഷബാധയേറ്റ് മൂന്നാഴ്ചയ്ക്കിടെ നമുക്ക് നഷ്ടമായത് മൂന്ന് കുരുന്നു ജീവനുകള്‍. തെരുവുനായ്ക്കള്‍ മനുഷ്യജീവന് ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി വെളിവാക്കുകയാണ് ആവര്‍ത്തിക്കുന്ന പേവിഷബാധാ മരണങ്ങള്‍. കൃത്യമായ കണക്കുകളില്ലെങ്കിലും ലക്ഷക്കണക്കിന് തെരുവനായ്ക്കള്‍ നമ്മുടെ പൊതുവിടങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നുണ്ട്. ആവര്‍ത്തിക്കുന്ന ആക്രമണക്കണക്ക് തന്നെ ഇതിന് തെളിവ്. സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ 13 ലക്ഷം പേര്‍ നായ കടിയേറ്റ് ചികില്‍സ തേടിയപ്പോള്‍ 103 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസത്തിനിടെ മരിച്ച 3 കുട്ടികളക്കം 14 പേരാണ് ഈ വർഷം ഇതുവരെ പേവിഷബാധയുടെ ഇരകളായത്.
എന്താണ് പ്രതിവിധി എന്ന ആലോചനയാണ് എവിടെയും. ഉത്തരം ലളിതമാണ് – തെരുവുനായ്ക്കളുടെ എണ്ണം അടിയന്തരമായി നിയന്ത്രിക്കുക. മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന വിഷയം ഉള്‍പ്പെടുന്ന കേന്ദ്രനിയമമായ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ അഥവാ എ.ബി.സിയില്‍ വന്ധ്യംകരണം മാത്രമാണ് പ്രതിവിധി. നായ്ക്കളുടെ കാര്യത്തിലും ഈ നിയമമാണ് ബാധകമാവുക. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് ചട്ടത്തില്‍ നിര്‍ദേശിക്കുന്നുമില്ല. തെരുവ് നായകള്‍ പെരുകുമ്പോള്‍ ആവശ്യത്തിന് എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ല എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി. പ്രായോഗികത കണക്കിലെടുത്ത് എബിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്താല്‍ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂയെന്നാണ് തദ്ദേശഭരണവകുപ്പിന്റെ പക്ഷം.
എബിസി പദ്ധതിയുടേയും അതുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും ലക്ഷ്യം തെരുവ് നായകളടക്കം മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കി മൃഗങ്ങളുടെ ജനന നിരക്ക് നിയന്ത്രിക്കുക, പേ പോലുള്ള മാരക രോഗങ്ങള്‍ തടയുക എന്നതാണ്. മൃഗങ്ങളുടെ വന്ധ്യംകരണം നടത്തിയും പ്രതിരോധ വാക്സീനുകള്‍ നല്‍കിയുമാണ് ഇത് നടപ്പാക്കേണ്ടത്. ശസ്ത്രക്രിയ നടത്തിയ ശേഷം മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയും വേണം.
2001, 2015 വര്‍ഷങ്ങളിലെ സുപ്രീംകോടതി വിധി പ്രകാരം തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. എബിസി പദ്ധതി പ്രകാരം ജനനനിയന്ത്രണം നടപ്പിലാക്കുകയാണ് വേണ്ടത്. Animal welfare board ആണ് ഈ പദ്ധതിയെ നിയന്ത്രിക്കുന്നത്. എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച കേന്ദ്ര ചട്ടങ്ങള്‍ 2023ലാണ് പുതുക്കിയത്. ഭേഗതി വരുത്തിയ എബിസി റൂള്‍ പ്രകാരം സിസിടിവി, ഇന്‍സിനറേറ്റര്‍, ശീതീകരിച്ച ഒാപ്പറേഷന്‍ തിയറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരു എബിസി കേന്ദ്രത്തില്‍ ഉണ്ടാകണം.
എബിസി ചെയ്യുന്നതിനായി നിയോഗിക്കുന്ന ഡോക്ടര്‍ 2000 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ചെയ്ത ആളായിരിക്കണം. ഇത് കാരണം പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരെ എബിസി കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ കഴിയില്ല. ഇത് കേന്ദ്രങ്ങളുടെ പ്രവര്‌ത്തനത്തെ ബാധിക്കും. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായാക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. പക്ഷേ കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. 2017 മുതല്‍ സംസ്ഥാനത്ത് തെരുവ് നായ നിയന്ത്രണ പദ്ധതി കുടുംബശ്രീ മുഖേന നടപ്പാക്കിയിരുന്നു. എന്നാല്‍ അനിമല്‍ വെല്‍ഫെയര് ബോര്‍ഡിന്റെ അംഗീകാരം ഇല്ലെന്ന കാരണത്താല്‍ കുടുംബശ്രീകളുടെ എബിസി പ്രവര്‍ത്തനം നിര്‍ത്തി. ഇതും തെരുവ്നായ നിയന്ത്രണപദ്ധതികളെ പ്രതികൂലമായി ബാധിച്ചു.
നിലവില്‍ 19 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 24 എണ്ണം കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടക്കുന്നു. തെരുവ്്നായ്ക്കള്‍ക്കുള്ള പുനരധിവാസകേന്ദ്രവും എബിസി കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള തദ്ദേശവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് പ്രാദേശികമായ എതിര്‍പ്പുകളും വെല്ലുവിളിയാകുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായി ജനവാസകേന്ദ്രങ്ങളില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക മാത്രമാണ് പോംവഴി. മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തി തെരുവുനായ്ക്കള്‍ പെരുകുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനം ഒട്ടും തന്നെ കാര്യക്ഷമമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, 2024 സെപ്തംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ പതിനൊന്നായിരത്തി ഒരുനൂറ്റി അറുപത്തിയൊന്‍പത് നായ്ക്കളെ മാത്രമാണ് 19 എബിസി കേന്ദ്രങ്ങള്‍ വഴി വന്ധ്യംകരിച്ചത് . തൊണ്ണൂറായിരം തെരുവ്നായ്ക്കള്‍ക്ക് വാക്സിനേഷനും നല്‍കി. ആകെയുള്ള തെരുവ് നായ്ക്കളുടെ എണ്ണത്തിന്റെ പത്ത് ശതമാനം പോലും ഇത് വരില്ല എന്നതാണ് യാഥാര്‍ഥ്യം.