TOPICS COVERED

ഉമ്മച്ചി, എന്‍റെയടുത്ത്  ഇരിക്കണമെന്നില്ല, പോയ പാടേ എനിക്കുള്ള പുസ്തകങ്ങൾ വാങ്ങണേ ഉമ്മച്ചീ, അതിന് ഇന്ന് പോകുമോ,നാളെ പോകുമോ’, പേ വിഷബാധയേറ്റ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുമ്പോഴും നിയ ഫൈസൽ ഉമ്മയോടു പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയാണ്.

പഠിക്കാൻ മിടുക്കിയായിരുന്ന നിയ അധ്യാപകരുടെ പ്രിയപ്പെട്ടവളായിരുന്നു. ഉമ്മയ്ക്ക് എന്തു സഹായവും ചെയ്തു നൽകാൻ മുന്നിലുണ്ടായിരുന്ന മിടുക്കി കൂട്ടുകാർക്കിടയിലും താരമായിരുന്നു. സമീപത്ത് നിർമിക്കുന്ന പുതിയ വീട്ടിലെ തൊഴിലാളികൾക്ക് വെള്ളം നൽകി പാത്രം എടുത്തുകൊണ്ടു വരാൻ താനാണ് ആവശ്യപ്പെട്ടതെന്ന് ഉമ്മ ഹബീറ പറഞ്ഞു. തിരികെ വരുന്ന വഴി വീട്ടിൽ വളർത്തുന്ന താറാവുകളെ പിടിക്കാനെത്തിയ തെരുവുനായയെ ഓടിക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.

സഹോദരനും ഉമ്മയും മാത്രമുള്ള ഒറ്റ മുറി വീട്ടിൽ കഴിഞ്ഞു വന്ന നിയയ്ക്ക് പഠിച്ച് ജോലിയൊക്കെ നേടി പ്രയാസങ്ങൾ മറികടക്കണമെന്നതായിരുന്നു ആഗ്രഹം. ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു.

29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. നിയാ ഫൈസലിന്റെ ഞരമ്പില്‍ ആഴത്തില്‍ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാന്‍ കാരണമെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു പറഞ്ഞു. അങ്ങനെയെങ്കില്‍ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ആന്‍റിബോഡി ഫലപ്രദമാകുന്നതിനു മുന്‍പ് തന്നെ വൈറസ് തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്കു പോകാനുമുള്ള സാധ്യതയുണ്ടെന്നും ഡോ.ബിന്ദു പറഞ്ഞു.

ENGLISH SUMMARY:

Even while battling severe food poisoning and lying in a critical condition at the hospital, young Neya Faisal's final thoughts were about her love for books. Her last words to her mother, affectionately calling her "Umma," were not about her pain but a gentle plea: “Umma, I just want to buy my books. Will we go today or tomorrow?” The heartbreaking words of a child who cherished learning have left family and loved ones in deep sorrow and remembrance.