TOPICS COVERED

ചുരം കയറിയാല്‍ ചൂടകറ്റാമെന്ന് തെളിഞ്ഞതോടെ പാലക്കാട് നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കരിഞ്ഞുണങ്ങി നിന്നിരുന്ന വന്‍മരങ്ങള്‍ ഉള്‍പ്പെടെ അപ്രതീക്ഷിത മഴയില്‍ വീണ്ടും പച്ചപ്പിലേക്കെത്തിയത് കാഴ്ച ഭംഗി കൂട്ടും. വഴിനീളെ കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ടാവുമെന്ന് ഓര്‍മപ്പെടുത്തി സഞ്ചാരികളോട് ജാഗ്രതയോടെ യാത്ര ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് വനംവകുപ്പ്.

കുതിരക്കുളമ്പടിയുടെ ഒച്ച അവസാനിക്കുന്നിടത്ത് നിന്നും ചുരം കയറി പച്ചപ്പ് തണലൊരുക്കുന്ന വഴിയിലൂടെ. പച്ചപ്പില്‍ കണ്ണുടക്കി, പോത്തുണ്ടി ഡാമിന്‍റെ വിസ്തൃതി കാഴ്ചയിലറിഞ്ഞ് മുന്നോട്ട്. മലയിടുക്കിലൂടെയുള്ള യാത്ര. കാടാണ്. നാടല്ലെന്ന ഓര്‍മപ്പെടുത്തലുമായി വനംവകുപ്പിന്‍റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍. അതില്‍ കാര്യമുണ്ട്. വഴിയില്‍ ആനയും, കാട്ടുപോത്തുമെല്ലാം പതിവായി നിലയുറപ്പിക്കുന്നിടമാണ്. മലയണ്ണാനും, കുരങ്ങനുമെല്ലാം നിറയെ സഞ്ചാരികളെ കണ്ട് അവരോട് സൗഹൃദം കൂടുന്ന മട്ടിലാണ്. നെല്ലിയാമ്പതിയുടെ തണുപ്പ് തേടിയെത്തുന്നതില്‍ പല ദേശക്കാരുണ്ട്. സെല്‍ഫി പകര്‍ത്തിയും, ചിരിച്ച് കൈകൊടുത്തും മലമടക്കിലെ, താഴ്വരയിലെ തുടങ്ങി ഓരോ അനുഭവങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച് നീങ്ങുന്ന സംഘങ്ങള്‍. ചൂട് കൂടിയാല്‍ ചുരം കയറാം. തണുത്ത് മടങ്ങാമെന്ന ചിന്തയില്‍ നിറയെ കുടുംബങ്ങള്‍‍. നെല്ലിയാമ്പതിയിലെ കാലാവസ്ഥ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അറിഞ്ഞ് കേട്ട് വന്നവര്‍ക്ക് സന്തോഷത്തോടെയുള്ള മടക്കം.  

കാഴ്ചയുടെ മലമടക്ക് തേടിയെത്തുന്നവരോട് വനംവകുപ്പ്. ഏത് സമയത്തും റോഡില്‍ കാട്ടാനയും കാട്ട് പോത്തുമെല്ലാം വഴി തടസപ്പെടുത്തിയേക്കാം. അവരോട് പ്രകോപനം തീര്‍ത്ത് കലഹിക്കാന്‍ നില്‍ക്കരുത്.