കണ്ണൂർ പയ്യാവൂരിലെ രോഗിയായ കുഞ്ഞിന്റെ വീട്ടിലേക്ക് റോഡ് നിർമിക്കാൻ തൊഴിലാളിദിനത്തിൽ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ച് വൈദ്യുതത്തൂണുകൾ മാറ്റിനൽകി പയ്യാവൂർ കെഎസ്ഇബി ജീവനക്കാർ. തൊഴിൽ ദിനത്തിലെ ഈ നല്ല പ്രവർത്തിയെ അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടായ്മയുടെ വിജയത്തിൽ ഇരട്ടി സന്തോഷത്തിലാണ് ജീവനക്കാരും ഹൃദ്യ മോളുടെ കുടുംബവും.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് മണ്ണേരിയിലെ ഹൃദ്യമോൾ. വീടിന്റെ പണി തീരണമെങ്കിലും തനിക്ക് വീട്ടിൽ എത്തണമെങ്കിലും ഒരു റോഡ് വേണം. കൂലിപ്പണിക്കാരനായ പിതാവ് സന്തോഷിനു ഭാരിച്ച ചിലവുകൾക്കിടയിൽ റോഡ് പണി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്ഥലം ഉടമകൾ റോഡിനായി സ്ഥലം നൽകിയെങ്കിലും വില്ലനായത് വഴിയുടെ നടുവിൽ കിടന്ന 4 വൈദ്യുതത്തൂണുകൾ. എന്നാൽ പയ്യാവൂർ കെഎസ്ഇബിക്ക് ജനകീയ കമ്മിറ്റി നൽകിയ അപേക്ഷ അവർ സന്തോഷത്തോടെ പരിഗണിച്ചു.
തൂണുകൾ മാറ്റാൻ കെഎസ്ഇബിക്ക് നൽകേണ്ടുന്ന 30,000 രൂപ സൂപ്പർവിഷൻ ചാർജ് ജീവനക്കാർതന്നെ സ്വരൂപിച്ച് അടയ്ച്ചു. മാറ്റിസ്ഥാപിക്കുന്നതിനുള്ള കൂലി വാങ്ങാതെ ഒറ്റക്കെട്ടായി കൈമെയ് മറന്ന് അവർ നിന്നു. ലൈഫ് ഭവനപദ്ധ തിയിൽ ഉൾപ്പെടുത്തി ഹൃദ്യമോളുടെ കുടുംബത്തിന് വീട് നിർമിച്ചുനൽകുന്നുണ്ട്. റോഡ് കൂടി പൂർത്തിയാക്കുന്നതോടെ എല്ലാം പെട്ടെന്ന് സാധ്യമാകുന്ന പ്രതീക്ഷയിലാണ് കുടുംബം. കെഎസ്ഇബി ജീവനക്കാരുടെ പ്രവൃത്തി ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വൈദ്യൂ ത മന്ത്രിയും കെഎസ്ഇബിയുടെ ഔദ്യോഗിക പേജും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.