google-map-pta

ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി ചെങ്കുത്തായ മലയിൽ പെട്ടുപോയ കാർ ഡ്രൈവറെ അടൂർ ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. കൊടുമൺ സ്വദേശി ഷെബിയാണ് കുടുങ്ങിയത്. പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ അതിർത്തി മേഖലയായ മറ്റപ്പള്ളി മലയുടെ ചെങ്കുത്തായ സ്ഥലത്താണ് കുടുങ്ങിയത്. തിരിയേണ്ട വഴിയിൽ നിന്ന് അല്പം മുന്നോട്ട് പോയി തിരിഞ്ഞതാണ് കുഴപ്പമായത്. ചെങ്കുത്തായ മലയിൽ പെട്ടതോടെ കാർ ഡ്രൈവർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. സ്ഥിരം പോകാത്ത വഴിയിലൂടെ കാർ പോകുന്നത് കണ്ടു നാട്ടുകാരും പിന്തുടർന്നെത്തി. മുൻപും വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ടെന്നും രണ്ടു വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സ് ഓഫ് റോഡ് വാഹനവുമായി എത്തി കയറുകെട്ടി കാർ റിവേഴ്സ് എടുക്കുകയായിരുന്നു.

ലീവ് കഴിഞ്ഞ് നാളെ ബംഗളൂരുവിലേക്ക് പോകുവാൻ ഇരിക്കെ ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടരയോട് കൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിൾ മാപ്പ്സ് നോക്കി സഞ്ചരിച്ച് കൊശ്ശനാട് എന്ന സ്ഥലത്ത് എളുപ്പമാർഗം പോകാനാണ് ഷൈബി ശ്രമിച്ചത്. തുടർന്ന് വഴിതെറ്റി ആദികാട്ടുകുളങ്ങരയിൽ നിന്നും കരിമാൻ കാവ് അമ്പലത്തിന് സമീപത്ത് കൂടി മറ്റപള്ളി മലയിൽ റബ്ബർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലേക്ക് പോവുകയുമായിരുന്നു.  വഴിതെറ്റിയെന്ന് മനസിലാക്കിയതിനെ തുടർന്ന് വാഹനം തിരിക്കുവാൻ മുന്നോട്ടുപോവുകയും തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയുമായിരുന്നു. വാഹനം തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിൽ ഇദ്ദേഹം ഇന്‍റർനെറ്റ് വഴി ഏറ്റവും അടുത്തുള്ള ഫയർസ്റ്റേഷൻ നമ്പർ എടുത്ത് അടൂർ അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചു. 

അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് സീനിയർ ഫയർ ആൻഡ് ഓഫീസർ, ബി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർ ഡ്രൈവർ സജാദ്, ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർമാരായ സാനിഷ്, ദീപേഷ്, ഹോംഗാർഡ്  പി എസ് രാജൻ എന്നിവർ ഫയർഫോഴ്സിന്റെ ഓഫ് റോഡ് വാഹനവുമായി സ്ഥലത്തെത്തി വളരെ സാഹസികമായി റോപ്പും ഫയർഫോഴ്സിന്റെ വാഹനവും ഉപയോഗിച്ച് കാർ റിവേഴ്സിൽ സുഖമായ സ്ഥലത്ത് എത്തിച്ചു. 

ENGLISH SUMMARY:

Relying on Google Maps led a car driver, Shebi from Kodumon, into a dangerous situation on a steep hill at Mattappally, a border area between Pathanamthitta and Alappuzha districts. The driver missed a turn and ended up on a rarely used and dangerously steep route. Unable to proceed, he called the Adoor Fire Force for help. Locals, who had seen other vehicles get misled in the past—with two even overturning—also came to assist. The fire personnel arrived with an off-road vehicle and safely pulled the car out using ropes in reverse.