കനൽ ഒരു തരിമതിയെന്ന പ്രയോഗം ടി.പി. ചന്ദ്രശേഖരൻ എന്ന നേതാവിൻ്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണെന്ന് ഉമ തോമസ് എംഎല്‍എ. പി.ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ തനിക്ക് കരുത്ത് പകരാൻ കെകെ രമയുമുണ്ടായിരുന്നുവെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ടി.പിയെന്ന ചെന്തീക്കനലിൽ വെണ്ണീറാവുകയാണ് സി.പി.എം. കൊലയാളിപ്പാർട്ടിയുടെ വെട്ടിൻ്റെ കണക്കും, മുറിവിൻ്റെ ആഴവും മലയാളി മറക്കാതെ മനസിൽ സൂക്ഷിക്കുന്നത് അതിനാലാണ്. ജീവിച്ചിരുന്ന ടി.പിയേക്കാൾ അമരനായ ടി.പി സി.പി.എമ്മിനെ എക്കാലവും വേട്ടയാടും. പ്രതിരോധിക്കാൻ കഴിയാത്ത വിധം എല്ലാ മെയ് 4 നും നിങ്ങൾ കേരള ജനതയ്ക്ക് മുന്നിൽ തലകുനിച്ച് നിൽക്കും.
പ്രത്യയശാസ്ത്രം എതിരായതിൻ്റെ പേരിൽ ചന്ദ്രശേഖരനെ നിങ്ങൾ കൊലപ്പെടുത്തിയെങ്കിൽ അതേ പ്രത്യയശാസ്ത്രത്തെ വർധിത വീര്യത്തോടെ സിരകളിൽ ആവാഹിച്ചാണ് ഞങ്ങളുടെ രമ നിങ്ങളുടെ കൊലപാതക രാഷ്ട്രീയത്തിന് മറുപടി നൽകുന്നത്. അവർ ഇന്ന് ചന്ദ്രശേഖരൻ്റെ വിധവ മാത്രമല്ല, കേരളം നെഞ്ചേറ്റിയ കെ.കെ.രമ എം എൽ എയാണ്.
പ്രിയപ്പെട്ട രമേ, ജീവിത പങ്കാളിയെ അകാലത്തിൽ നഷ്ടമാകുന്നതിൻ്റെ വേദന എനിക്ക് മനസിലാകും. പി.ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ എനിക്ക് കരുത്ത് പകരാൻ രമയുമുണ്ടായിരുന്നു. ടി.പി യുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മകൾ ഹൃദയത്തിൽ പേറുമ്പോൾ ഞാനും ഒപ്പമുണ്ട് സഹോദരി. ചന്ദ്രശേഖരൻ്റെ ജ്വലിക്കുന്ന ഓർമ്മൾക്ക് മുന്നിൽ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഉമ തോമസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.