തൃശൂർ പൂരപ്പറമ്പിനെ കോരിത്തരിപ്പിച്ച ആരാധക മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന ചെരിഞ്ഞ കൊമ്പന്മാരുടെ മിനിയേച്ചർ തയ്യാറാക്കിയ ഒരു ആനപ്രേമിയെ പരിചയപ്പെടാം.
ഒരുകാലത്ത് തൃശൂർ പൂരത്തിന് നിറസാന്നിധ്യമായിരുന്ന കൊമ്പന്മാരാണ് ഇവർ ഓരോരുത്തരും. ചെരിഞ്ഞെങ്കിലും ആന പ്രേമികളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്ന ഇവരുടെ പേരുകൾ ആരും മറക്കാൻ സാധ്യതയില്ല. തിരുവമ്പാടി ദേവസ്വത്തിന്റെ ആനകളായ തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുവമ്പാടി ശിവസുന്ദർ എന്നിങ്ങനെ തൃശൂർക്കാർ ആരും മറക്കാത്ത ഇപ്പോഴും ഓർമകളിൽ കാത്തുസൂക്ഷിക്കുന്ന ആനകളുടെ മിനിയേച്ചറുകൾ ആണിത്. ഈ മണ്ണിൽ നിന്ന് വിടപറഞ്ഞ 16 ഇഞ്ച് വലിപ്പമുള്ള 12 ആനകളെയാണ് രാജൻ തന്‍റെ കൈവിരുതിൽ ഉണ്ടാക്കിയെടുത്തത്. ഒറ്റയ്ക്കായിരുന്നില്ല മക്കൾ ശ്രീക്കുട്ടനും ശ്രീജിത്തും കൂടെയുണ്ടായിരുന്നു.
തൃശൂർകാർക്ക് അല്ലെങ്കിലും ആനകളോടുള്ള സ്നേഹം അല്പം കൂടുതലാണ് അതിന് ഒരു ഉദാഹരണം മാത്രമാണ് രാജൻ . പ്രായം ചെന്നെങ്കിലും ഓർമ്മകളെയും ആനയോടുള്ള സ്നേഹത്തെയും മറക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് പത്തുമാസത്തോളം പണിയെടുത്ത് ഈ 12 ആനകളെയും ഉണ്ടാക്കിയത്. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദർശനത്തിൽ ഈ ആനകളുടെ മിനിയേച്ചറുകൾ നിരന്നു നിൽക്കും.