akshara-donates-liver

അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്‍റെ പരീക്ഷ പോലും മാറ്റിവെച്ച്, കരള്‍ പകുത്ത് നല്‍കി അക്ഷര. കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ഷര. 

പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. ആദ്യം വീടിനു സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഗാസ്ട്രോ എന്‍ററോളജി വിഭാഗത്തിലേക്ക് എത്തുകയായിരുന്നു. വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ വേണമെന്നാണ് നിര്‍ദ്ദേശിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധന നടത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ  തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ഇങ്ങനെയുള്ള രോഗികളില്‍ മൂന്നുമാസത്തിന് ശേഷം ശസ്ത്രക്രിയ നടത്തുന്നതാണ് ഉത്തമം. മാത്രമല്ല മകളുടെ പരീക്ഷ അടുത്തു എന്നുള്ളതും കരള്‍മാറ്റ ശസ്ത്രക്രിയ നീട്ടിവയ്ക്കാന്‍ അജിതനെ പ്രേരിപ്പിച്ചു. 

എന്നാല്‍ ആശുപത്രി വാസത്തിനിടെ അജിതന്‍ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്  തലച്ചോറിലെ രക്തസ്രാവം വീണ്ടും ഉണ്ടാകാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായി. അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്‍റെ പരീക്ഷ തടസമാകരുതെന്നും അത് പിന്നീടൊരവസരത്തില്‍ എഴുതാമെന്നും പറഞ്ഞുകൊണ്ട് കരൾ പകുത്തു നൽകുവാൻ അക്ഷര മുന്നോട്ട് വരികയായിരുന്നു. എപ്രില്‍ 8-ാം തിയതി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അച്ഛനും മകളും ആശുപത്രി വിട്ടു. നിലവില്‍ അശുപത്രിയോടു ചേര്‍ന്നുള്ള റസിഡന്‍സില്‍ താമസിക്കുകയാണ് അജിതന്‍. ആരോഗ്യം വീണ്ടെടുത്ത അക്ഷരയാകട്ടെ പരീക്ഷയ്ക്കുവേണ്ടിയള്ള തയ്യാറെടുപ്പുകള്‍ പുനരാരംഭിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശില്‍ തിരിച്ചെത്തിയ അക്ഷര ഇന്നലെ കരളുറപ്പോടെ പരിക്ഷയെഴുതി. ഇത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും അച്ചൻ്റെ അനുഗ്രഹവും പ്രാർത്ഥനയും കൂടെയുള്ളതിനാൽ പരീക്ഷ വളരെ എളുപ്പമായിരുന്നുവെന്നും അക്ഷര പറഞ്ഞു. 

ലിസി ആശുപത്രി കരള്‍ രോഗവിഭാഗം തലവന്‍ ഡോ. ബി. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. കെ. പ്രമില്‍, ഡോ. മിഥുന്‍ എന്‍. കെ , ഡോ. രാജിവ് കടുങ്ങപുരം, ഡോ. കെ. ആര്‍. വിഷ്ണുദാസ്, ഡോ. വി. ദീപക്, ഡോ. വിഷ്ണു. എ. കെ.  എന്നിവരാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഗാസ്ട്രോഎന്‍ററോളജി വിഭാഗം തലവന്‍ ഡോ. മാത്യൂ ഫിലിപ്പ്, ഡോ. പ്രകാശ് സക്കറിയാസ്, ഡോ. ഷിബി മാത്യു, ഡോ. ഹാസിം അഹമ്മദ് എന്നിവരും ചികിത്സയില്‍ പങ്കാളികളായിരുന്നു.  

ഉത്തര്‍ പ്രദേശിലേക്ക് തിരികെപോയ അക്ഷരയെ ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍മാരായ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്. 

ENGLISH SUMMARY:

Akshara Donates Liver to Father: A Life-Saving Transplant Story