‘കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ചെറുകുന്ന് ഡിവിഷനിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടി ഞാനും ജനവിധി തേടുകയാണ്, നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും ഉണ്ടാവുമല്ലോ’ കൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവച്ചുകൊന്ന കേസില്‍ പിടിയിലായിലായ ഭാര്യ മിനി നമ്പ്യാരുടെ ഫെയ്സ്ബുക് പേജിലുള്ള പ്രധാന പോസ്റ്റ് ഈ വോട്ട് അഭ്യര്‍ഥനയാണ്. ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ മിനി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുന്നതും നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നതും എല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ട്. അതേ സമയം രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് പൊലീസ് കണ്ടെത്തി. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചു. മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. മിനിയുമായി സന്തോഷിന് സൗഹൃദമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണ് അക്രമം നടത്താൻ കാരണമെന്നാണ് സന്തോഷ് പൊലീസിനോട് പറഞ്ഞത്.

രാധാകൃഷ്ണനെ വെടിവച്ച് കൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തല്‍

ദീർഘകാലമായി മിനി നമ്പ്യാർ പ്രതി സന്തോഷുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും പരസ്പരം അയച്ച ഫോൺ സന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരിൽ ശകാരിച്ചിരുന്നു. കൊലപാതകത്തിനു മുൻപും ശേഷവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

Mini Nambiar, the wife of K.K. Radhakrishnan, who was recently arrested in connection with his murder, had previously contested for a seat in the Kannur District Panchayat from the Bharatiya Janata Party (BJP). On her Facebook page, she had shared a post seeking votes for her candidacy in the election, with a message asking for support and blessings. Mini, an active BJP worker, had also shared photos with party leaders on her social media, reflecting her involvement in politics before her arrest