അന്തരിച്ച കൊല്ലം സുധിയുടെ മകന്‍ രാഹുൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു കുറിപ്പ് തരംഗമായി. അച്ഛന്‍റെ മരണശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയിക്കണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നു. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
രാഹുലിന്റെ കുറിപ്പ് ഇരുകയ്യും നീട്ടിയാണ് സുധിയുടെ ആരാധകർ സ്വീകരിച്ചത്. ഒട്ടേറെപ്പേര്‍ പ്രാർത്ഥനകൾ നേർന്നും ധൈര്യം പകർന്നും കമന്റുമായെത്തി. ‘മോൻ സ്വന്തം കാലിൽ നിൽക്കുക, പഠിച്ച് വളരുക, അച്ഛന് പ്രിയപ്പെട്ട മകനായി തന്നെ വളരുക, അച്ഛനും അമ്മയും ഇല്ലാതെ മോൻ നേരിട്ട വേദനകൾ മനസിലാകും...’ അങ്ങനെ പോകുന്നു കമന്‍റുകള്‍.
സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തെ വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്. വാഹനാപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കാന്‍ ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നിരുന്നു.
രാഹുലിന്‍റെ കുറിപ്പ്
"പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്, ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷേ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപ്പെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്‍റെ പ്രിയ അച്ഛന്‍റെ മരണത്തിന് ശേഷം എന്‍റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???"