ചിത്രം വരയ്ക്കാനും ചായമിടാനുമൊക്കെ കാൻവാസുകൾ പലതുണ്ട്. പുരാതന കാലത്ത് മനുഷ്യൻ ചുവരിൽ ചിത്രം വരയ്ക്കുന്നത് പല രീതിയിൽ ഇന്നും തുടരുന്നു. ഇവിടെ നമ്മുടെ കൊടുങ്ങല്ലൂരിലും ഉണ്ട് ഒരാൾ. അവന്റെ വീട്ടിലെ ചുമരിൽ രംഗണ്ണൻ മുതൽ ഖുറേഷി എബ്രഹാം വരെ ഉണ്ട് .
ഇത് കറുത്ത ചായക്കൂട്ട്. പതിയെ ആ നിറം മാറിവരുന്നു. ചായം കൂട്ടുന്ന വിരലുകൾക്കു പിന്നിൽ ഒരു മനസുണ്ട്. ആ മനസ്സിനൊപ്പം വിരലുകൾ ചലിക്കുമ്പോൾ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതോ, മാതൃകകളില്ലാത്ത മനുഷ്യൻ.
കലയുടെയും കഥാപാത്രത്തിന്റെയും അപൂർവ സംഗമമാണ് ഇവിടെ നടക്കുന്നത്. വിരൽതുമ്പുകളിലൂടെ തന്റെ സ്വപ്ന താരങ്ങളെ ആവാഹിച്ചെടുക്കാൻ കാൻവാസൊന്നും റാഷിദിന് വേണ്ട. ഒഴിഞ്ഞുകിടക്കുന്ന ചുവരുകളിൽ ആ സ്വപ്നങ്ങൾ അവൻ വരച്ചുവയ്ക്കും . കണ്ണിമ ചിമ്മാതെ നാം അതു നോക്കി നിൽക്കും, കാരണം അതിൽ ജീവന്റെ തുടിപ്പുയരുന്നതുപോലൊ തോന്നും. അവൻ വരച്ച ചിത്രങ്ങളിലെല്ലാം ഇത് കാണാം.
ഓരോ സിനിമകളിലെയും പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് റാഷിദ് ഭിത്തിയിൽ വരയ്ക്കുന്നത്. ഒരെണ്ണം വരച്ചു കഴിഞ്ഞ് അതു മായിച്ചിട്ടാണ് അടുത്തത് വരയ്ക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ വെറുതെ വരച്ച് തുടങ്ങിയതാണ് പിന്നെ അതിനെ കൂടെ കൂട്ടി. ഇപ്പോൾ വരയാണ് റാഷിദിന്റെ ജീവിതം.