കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടന് പിന്തുണയുമായി വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രംഗത്ത്. വേടൻ എമ്പുരാൻ വിഷയത്തിൽ സംഘിയെ വിമര്‍ശിച്ചതുകൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് ബോധി ഫെയ്സ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ തില്ലങ്കേരി പൊലീസാണ് ഇതിന് പിന്നിലെന്നും രോഹിത് പറയുന്നു.
അതേ സമയം റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗുഢാലോചനക്കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും ഉണ്ടായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് വലിച്ചെന്നാണ് പൊലീസ് പറയുന്നത്.
കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് ആണെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഞ്ചാവ് കേസില്‍ വേടന് ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കയ്യില്‍ വച്ചതിന് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൃഗവേട്ടക്കുറ്റം ചുമത്തിയാണ് കേസ്. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകനാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍റെ മൊഴി. തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വനം വകുപ്പ്.
ഇന്നലെ രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായിരുന്നു ലഹരിവസ്തു. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്