ഇന്നിപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതി. പുലി നഖം കൈവശം വച്ചതിന്‍റെ പേരില്‍ വനം വകുപ്പെടുത്ത കേസിലെയും പ്രതി. തീ പിടിപ്പിക്കുന്ന വരികളില്‍ യുവത്വം ഉല്‍സവം തീര്‍ത്ത വേടന്‍, ആരാണ്.
വേടന്‍ വെറുമൊരു റാപ്പറല്ല. തീയാണ്. തീ. വേടന് പുതുതലമുറ നല്‍കുന്ന വിശേഷണങ്ങളിലൊന്ന് ഇങ്ങനെയാണ്. എഴുതുന്നതും പാടുന്നതും ദലിത് രാഷ്ട്രീയമാണെങ്കിലും എല്ലാത്തരം മനുഷ്യരും പ്രായക്കാരും വേടനെ കാണുന്നു, കേള്‍ക്കുന്നു. തൃശൂര്‍ സ്വദേശിയായ ഹിരണ്‍ ദാസ് മുരളി. തന്‍റെ കറുത്ത ശരീരത്തെ നോക്കി കൂട്ടുകാര്‍ വേടന്‍ എന്ന് കളിയാക്കിവിളിച്ചപ്പോള്‍, ആ പേരിനെ തന്നെ സ്വീകരിച്ചു. സവര്‍ണതയോട് റാപ്പിലൂടെ കലഹിച്ചു. കരുത്തുള്ള ഭാഷ. രാഷ്ട്രീയം മാത്രം നിറഞ്ഞവരികള്‍. തൃശൂരിലെ റെയില്‍വേകോളനിയില്‍ വിവേചനം നേരിട്ട ചെറുപ്പം. വോയ്സ് ഓഫ് വോയ്സ് ലെസ് ആയിരുന്നു ആദ്യ റാപ്പ്. ഭൂമിയുടെ രാഷ്ട്രീയത്തിനൊപ്പം. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ പ്രതിരോധവും തീര്‍ത്തത്. വേടന്‍ ആള്‍ക്കുട്ടത്തെയല്ല, ആള്‍ക്കൂട്ടം വേടനെയാണ് തേടിയെത്തിയത്. ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും പറഞ്ഞത് കഴിഞ്ഞദിവസം. അങ്ങനെ ലഹരിക്കെതിരെ പാടിയും പറഞ്ഞും തീര്‍ത്തതിന്‍റെ തൊട്ടടുത്തദിനമാണ് വേടന്‍ ലഹരിക്കേസില്‍ കുടുങ്ങിയത്. മുന്‍പ് മീ ടു വിവാദത്തിലും കുടുങ്ങി. മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും വിവാദങ്ങളൊഴിഞ്ഞില്ല. എംമ്പുരാന്‍ വിവാദമുണ്ടായപ്പോള്‍, വായടച്ചവരോട് ഇ.ഡിയെ പേടിച്ചെന്ന് പറഞ്ഞു. പാട്ടിലെ വൈവിദ്യം കൊണ്ട്, പാടി വിയര്‍ത്ത് തുന്നിയ വേടന്‍റെ റാപ്പിന്‍റെ കുപ്പായത്തിലെ നേരും നേരല്ലാത്തതും തിരയുകയാണ് ആരാധകര്‍.