Image Credit; Facebook
വയനാട് ജില്ലാ കളക്ടറുടെ ഓഫീസിൽ ഈ വച്ചിരിക്കുന്നത് ഒറിജിനൽ ആനക്കൊമ്പ് ആണോയെന്ന ചോദ്യവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മ്യൂസിയങ്ങളിലല്ലാതെ മറ്റ് സർക്കാർ ഓഫീസുകളിൽ ഇങ്ങനെ ആനക്കൊമ്പും പുലിനഖവുമൊക്കെ സൂക്ഷിക്കാൻ നിയമപരമായി അനുവാദമുണ്ടോയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അറസ്റ്റിലായ റാപ്പർ വേടന്‍റെ പക്കല്‍ നിന്ന് പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍, മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്‍റെ പോസ്റ്റ്. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പ്രതികരിച്ചിരുന്നു. രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.
അതേസമയം, കേസില്‍ വേടനെ കോടതി വനംവകുപ്പ് കസ്റ്റഡിയില്‍വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡി. നാളെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും. മേയ് രണ്ടിന് വേടന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടൻ്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
രാത്രി മേക്കപ്പാല ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച വേടനെ ചോദ്യം ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ഒൻപതിന് കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെത്തിച്ചും ചോദ്യം ചെയ്തിരുന്നു. രഞ്ജിത് കുമ്പിടിയെ തനിക്കറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് ആവർത്തിച്ചു. എല്ലാം അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും വേടൻ വ്യക്തമാക്കുന്നു.
റാപ്പര്‍ വേടനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറയുന്നു.