Image Credit: Facebook/vtbalram

Image Credit: Facebook/vtbalram

തദ്ദേശ തിരഞ്ഞെടുപ്പിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാട്ടിന്‍റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പാട്ടിന്‍റെ അണിയറ പ്രവര്‍ത്തകരുടെ പേര് പുറത്തുവന്നതിന് പിന്നാലെ മതനിന്ദ ആരോപിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിടി ബല്‍റാം എഴുതിയത്. ഇതിനെ വര്‍ഗീയ വിഷയമാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഇത് കൈവിട്ട കളിയാണെന്നും വിടി ബല്‍റാം മുന്നറിയിപ്പ് നല്‍കി. 

പാരഡി ഗാനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎമ്മിന്റെയും ആവശ്യം. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. ഗാനത്തിന് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.  പാട്ട് പിന്‍വലിക്കണമെന്ന് സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു. അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയാണ് പ്രസാദ്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്.

വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്, 

"പോറ്റിയേ..." പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ്‌ സിപിഎം വഴിതുറക്കുന്നത്‌. 

പാട്ടെഴുതിയ ആളുടേയും മറ്റ്‌ അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന്‌ ശേഷമാണ്‌ ഇത്‌ മതനിന്ദയാണ്‌ എന്ന നിലയിലുള്ള പ്രചരണത്തിന്‌ സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്‌ എന്നത്‌ കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ്‌ മറ്റ്‌ പല വിഷയങ്ങളിലുമെന്നത്‌ പോലെ സിപിഎം ലക്ഷ്യമാക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ്‌ കളിക്കുന്നത്‌.

ജാഗ്രത പുലർത്തേണ്ടത്‌ കേരളമാണ്‌.

ENGLISH SUMMARY:

Congress leader V.T. Balram criticized the CPM for allegedly turning the viral local election parody song 'Potty Kettiye...' into a 'communal issue,' warning that the CPM is playing a dangerous game driven by electoral defeat. The song, which refers to a priest's alleged actions at Sabarimala, was written by G.P. Kunhabdulla and sung by Danish. CPM leaders, including P’thanamthitta District Secretary Raju Abraham and MP A.A. Raheem, demanded strong action, claiming it hurts the sentiments of Ayyappa devotees. The Thiruvaabharana Patha Samrakshana Samithi has lodged a complaint with the DGP, demanding the withdrawal of the song, which claims the LDF government facilitated a priest who 'stole gold' (swarnam chembayi mattiye).