കഞ്ചാവുമായി പിടിയിലായതിന് ശേഷം, മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ കൂടി ചുമത്തി വനം വകുപ്പ് അറസ്റ്റ് ചെയ്ത വേടന്‍റെ കൊണ്ടല്‍ സോങ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുന്നു. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' എന്ന സിനിമയിലെ പാട്ടാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ട്രെന്‍റിങ്ങാവുന്നത്.
കടലമ്മ കരഞ്ഞല്ലേ പെറ്റത്, കണ്ണീരെല്ലാം അവളല്ലേ കട്ടത്, കരയല്ല കടലല്ലേ കണ്ടത്, കടലിന്‍റെ മക്കളാ കടലിന്‍റെ എന്ന പാട്ടാണ് വീണ്ടും ചര്‍ച്ചയാകുന്നത്. യൂട്യൂബില്‍ മാത്രം ഒന്നരക്കോടി പേരാണ് ഈ വിഡിയോ കണ്ടത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരുന്നു. മികച്ച ആക്‌ഷൻ രംഗങ്ങൾ നിറഞ്ഞ സിനിമയാണിത്.
മത്സ്യത്തൊഴിലാളികളെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ.
കഞ്ചാവുമായി പിടിയിലായ വേടന്‍റെ കൈയ്യിലുള്ള പുലിപ്പല്ലാണ് അദ്ദേഹത്തിന് വിനയായത്. ഇത് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പറയുന്നു. രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷിക്കുകയാണ്. അതേസമയം, കേസില്‍ വേടനെ കോടതി വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡി. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാളെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും. മേയ് രണ്ടിനാണ് വേടന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുക.
റാപ്പർ വേടൻ പ്രതിയായ ലഹരിക്കേസില്‍ കഞ്ചാവിന്‍റെ ഉറവിടം തേടിയാണ് എക്സൈസിന്‍റെ അന്വേഷണം. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് മൊഴിയെങ്കിലും സംഘം കൂടുതല്‍ പേരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നാണ് നിഗമനം. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.
വേടന്‍ പൊലീസിന്‍റെ വലയില്‍ കുരുങ്ങിയതെങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. അതേസമയം, ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചു. ഞാന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ പറയുന്നു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുംവഴിയായിരുന്നു പ്രതികരണം. അറസ്റ്റിലായ വേടനെ വനംവകുപ്പ് ഉടന്‍ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും സംഘവും വേടന്‍റെ 6H1 ഫ്ലാറ്റിലെത്തുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ മുറി തുറന്നത് വേടന്‍റെ മ്യൂസിക്ക് ബാന്‍ഡിലെ അംഗം വൈഷ്ണവായിരുന്നു. മുറിയുടെ അങ്ങേ അറ്റത്തുള്ള ചില്ല് മേശയ്ക്ക് ചുറ്റും എട്ടുപേര്‍ ഇരുന്ന് പുകവലിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
മുറിതുറന്ന വൈഷ്ണവിന്‍റെ കയ്യിലുമുണ്ടായിരുന്നു സിഗരറ്റ് കുറ്റി. മുറി നിറയെ പുകയും കഞ്ചാവിന്‍റെ രൂക്ഷഗന്ധമായിരുന്നുവെന്നും മേശക്ക് മുകളില്‍ പായ്ക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, ചുരുട്ടി വലിക്കാനുള്ള ഒസിബി പേപ്പര്‍, ത്രാസ് എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരകളില്‍ ഒന്നിലാണ് കവറില്‍ ഒന്‍പതരലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.
അതേസമയം, റാപ്പര്‍ വേടനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറയുന്നു.