തൃശൂർ പൂര ആവേശത്തില്‍ കുടമാറ്റം കെങ്കേമമാക്കാൻ അണിയറയിൽ തയാറെടുപ്പുമായി പാറമേക്കാവും തിരുവമ്പാടിയും. പാറമേക്കാവ് ദേവസ്വത്തിന്റെ കുട നിർമാണത്തിന് സവിശേഷതകള്‍ ഏറെയുണ്ട്.
നിരന്നുനിൽക്കുന്ന ഗജവീരന്മാർക്കു പിന്നിൽ മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകാരം, നിരത്തിയും ഒരുക്കിയും വച്ച കുടകളുടെ വരവ് കെങ്കേമമാക്കാൻ പാറമേക്കാവ് അണിയറയിൽ 3 മാസം മുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇതൊരു മത്സരമാണ്. തയാറെടുപ്പിൻറെ വിവരങ്ങൾ അപ്പുറത്തെത്തിയാൽ ആകെ പ്രശ്നമാകും. അതുകൊണ്ട് എല്ലാം അതീവ രഹസ്യം. കാരണം, ആശാൻ വസന്തകുമാർ 45 വർഷമായി പാറമേക്കാവിനായി കുട നിർമാണത്തിൽ പങ്കാളിയാകുന്നു. ആശാന്‍റെ കൂടെ കട്ടയ്ക്ക് ഇരുപതോളം ശിഷ്യന്മാരുമുണ്ട്. എണ്ണയിട്ട യന്ത്രം പോലെയാണ് ജോലികൾ മുന്നോട്ടുപോകുന്നത്.
രണ്ട് മണിക്കൂറിലധികം നീളുന്ന കുടമാറ്റം കാണുന്നതിനായി അനേകരാണ് തൃശൂരിൽ എത്തുന്നത്. അവരുടെ കൺമുന്നിൽ അപ്പോൾ നിവരുന്നത് കുടകൾ മാത്രം. ഒരു കുടയ്ക്ക് മറുകുടയുമായി പാറമേക്കാവും തിരുവമ്പാടിയും മത്സരിക്കുന്ന ആ മനോഹര നിമിഷങ്ങൾക്ക് വല്ലാത്തൊരു ഹരമുണ്ട്.