shaji-n-karun

ചലച്ചിത്രകലയ്ക്ക് സ്വയം സമർപ്പിച്ച ഷാജി എൻ. കരുണിനെ സ്നേഹാദരങ്ങളോടെ യാത്രയാക്കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സർക്കാർ ബഹുമതിയോടെയായിരുന്നു സംസ്കാരം.

എന്നും ലെൻസിനു പുറകിൽ നിൽക്കാൻ ആഗ്രഹിച്ച ഷാജി എൻ. കരുൺ നിരവധി ലെൻസുകൾക്കു മുന്നിലായിരുന്നു കലാഭവനില്‍. അദ്ദേഹത്തിന്റെ ചലനചിത്രങ്ങൾ സ്വീകരിച്ച  വെള്ളിത്തിരയിൽ ഇന്ന് നിശ്ചല ചിത്രം. പ്രേക്ഷകരെയും വെള്ളിത്തിരയെയും ക്യാമറ കൊണ്ട് ബന്ധിപ്പിച്ചയാൾ സ്ക്രീനിന് മുന്നിൽ നിരന്ന ക്യാമറകൾക്കും പ്രേക്ഷകർക്കും മധ്യേ കിടന്നു. കാഴ്ചയുടെ അറിയാ അനുഭവങ്ങൾ നൽകിയ കലാകാരനെ വണങ്ങിയ ശേഷം  പ്രേക്ഷകർ നിശ്ചലവെള്ളിത്തിരയ്ക്കു മുന്നിലെ കസേരകളിൽ ഇരുന്നു. ഷാജിയെ പ്പോലെ മലയാള സിനിമയുടെ അടയാളങ്ങളായ അടൂർ ഗോപാലൃഷ്ണനും ടി.വി. ചന്ദ്രനും ഉള്‍പ്പടെ പല തലമുറകളിലെ ചലച്ചിത്രകാരന്മാർ വന്നു.

പിറവി എന്ന് പേരായ വീട്ടിലും  ധാരാളം ഷാജിയെ കാണാനെത്തി. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം എന്നിവ ക്യാമറയിലാക്കിയ ഷാജിക്ക് പൂക്കളുമായി സംവിധായകൻ ഹരിഹരൻ, പിറവിയിൽ ചാക്യാരുടെ മകളായി വേഷമിട്ട അർച്ചന , പ്രിയ ശിഷ്യൻ വേണു ഉൾപ്പടെ നിരവധി പേർ. എല്ലാവരുടെയും സ്നേഹവും സർക്കാരിന്‍റെ ആദരവും ഏറ്റുവാങ്ങി ശാന്തിയുടെ കവാടം കടന്ന് യാത്ര. ലെൻസുകളിലൂടെ  ഇതുവരെ നമ്മളോട് സംവദിച്ച ഷാജി  ഇനിയുമത് തുടരും.... പകര്‍ത്തി നല്‍കിയ ചിത്രങ്ങളിലൂടെ

ENGLISH SUMMARY:

Shaji N Karun Funeral