വിവാദങ്ങളിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് തൊപ്പി എന്ന നിഹാദ്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വടകര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വടകര ബസ് സ്റ്റാൻഡിൽ വച്ചാണു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്. കാറുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു വിവാദത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് തൊപ്പി. തന്‍റെ യൂട്യൂബ് ലൈവ് സ്ട്രീമിനിടെയാണ് മാര്‍പാപ്പയെ പറ്റി തൊപ്പി വിവാദ പരാമര്‍ശം നടത്തിയത്. തൊപ്പിയുടെ യൂട്യൂബ് ലൈവ് സ്ട്രീമിനിടയില്‍ മാര്‍പാപ്പയ്ക്ക് അനുശോചനം അറയിച്ച് കമന്‍റുകള്‍ വന്നു. ഇത് കണ്ട തൊപ്പി ആരാണ് ഈ പോപ്പ്, മാര്‍പാപ്പ,, വല്ല ഗായകനാണോ, എന്നിങ്ങനെ ചോദ്യം ചോദിച്ചാണ് അവഹേളിച്ചത്.
നേരത്തെയും വിവാദങ്ങളിലെ സ്ഥിരം നായകനാണ് തൊപ്പി. മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിന് തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പൊലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതില്‍ തുറക്കാന്‍ നിഹാദ് തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.