Image Credit; Facebook

Image Credit; Facebook

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട  കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ മകള്‍ ആരതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍, അവര്‍ക്ക് പിന്തുണയുമായി ഡോ. സൗമ്യ സരിന്‍ രംഗത്ത്. തന്‍റെ അമ്മയുടെ വിയോഗവും, അന്നുണ്ടായ ദുരനുഭവവും പറഞ്ഞുകൊണ്ടാണ് ഡോ. സൗമ്യ ആരതിക്ക് പിന്തുണയുമായെത്തിയത്. 

ആരതിയുടെ ചുണ്ടിലെ ചായത്തിന്റെ അളവ് നോക്കുന്നവരോടാണ്... പോയത് അവർക്കാണ്... നിങ്ങൾക്കല്ല! അതുകൊണ്ട് എങ്ങിനെ സങ്കടപെടണം, എങ്ങിനെ ദുഃഖം ആചരിക്കണം എന്നൊന്നും നിങ്ങൾ അവരെ പഠിപ്പിക്കേണ്ട...അവർ നോക്കിക്കോളും... – ഡോ. സൗമ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ തിട്ടൂരങ്ങൾക്ക് പുല്ലു വിലയെ കൊടുത്തിട്ടുള്ളൂവെന്നും, അന്ന് തിരിഞ്ഞു പോലും നോക്കാതിരുന്ന ആളുകൾ ആണ് ഇന്ന് തന്റെ അമ്മയെ അനുസ്മരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എനിക്ക് എന്റെ അമ്മയെ നഷ്ടപെട്ടത് 2021 ഫെബ്രുവരിയിൽ ആണ്. ഒരു പരിധി വരെ ആരതിക്ക് അവളുടെ അച്ഛനെ നഷ്ടപെട്ട പോലെ... നിനച്ചിരിക്കാത്ത നിമിഷത്തിൽ...ആകെക്കൂടി ഒരു മരവിപ്പ് ആയിരുന്നു. ഞാൻ കരഞ്ഞിരുന്നോ? സാധ്യതയില്ല! വരുന്നവരുടെയും പോകുന്നവരുടെയും നൂറു നൂറു ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മറുപടി പറഞ്ഞു ഞാൻ എനിക്ക് ഒട്ടുമേ അറിയാത്ത ഒരു ലോകത്തു ഉഴറുകയായിരുന്നു. കരഞ്ഞതായി ഓർമയില്ല. കണ്ണിൽ നിന്നും അറിയാതെ രണ്ടു തുള്ളി കണ്ണീർ വീണത് അമ്മയുടെ ചിതക്ക് തീ കൊളുത്തിയപ്പോൾ ആണ്... അവിടെ ഞാനും അച്ഛനും അനിയനും അമ്മാമയും ഒക്കെയേ ഉണ്ടായിരുന്നുള്ളു. 

പറഞ്ഞു വന്നത് അതല്ല. അമ്മ മരിച്ചിട്ട് ഇന്നേക്ക് നാല് വർഷം കഴിഞ്ഞു. ഇന്നും എന്റെ നല്ലൊരു ഫോട്ടോക്കോ വീഡിയോക്കോ താഴെയും നിങ്ങൾക്ക് എന്റെ ചില " അഭ്യൂദയകാംഷികളെ " കാണാൻ സാധിക്കും. അവർ എന്റെ അമ്മയുടെ ഓർമ്മകൾ "വേദനയോടെ" അയവിറക്കുന്നത് നോക്കി എനിക്ക് ചിരി വരാറുണ്ട്. 

" എന്നാലും ടീച്ചറുടെ കാര്യം ഓർക്കുമ്പോഴാണ്... "

" അമ്മയുടെ ഓർമ്മകൾ വേദനിപ്പിക്കുന്നു" 

"അമ്മയെ ഇപ്പോൾ ഓർക്കാറുണ്ടോ?" 

എന്നിങ്ങനെ പോകുന്നു അവരുടെ 'അമ്മ' വിചാരങ്ങൾ 

ആരുടെ അമ്മ? എന്റെ അമ്മ! 

അമ്മയെ പറ്റി ഇങ്ങനെ സങ്കടത്തോടെ പറയുന്നത് തെറ്റാണോ എന്ന് നിങ്ങൾക്ക് സ്വാഭാവികമായും തോന്നണം. അമ്മയോടുള്ള സ്നേഹം കൊണ്ടാവില്ലേ? 

അവിടെ ആണ് ട്വിസ്റ്റ്‌ 

എന്റെ അമ്മയുടെ മൃതശരീരം ചിതയിലേക്ക് എടുക്കുമ്പോൾ വീട് നിറയെ ആളായിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ അങ്ങിനെ നിറയെ ആളുകൾ... പലരും കരയുന്നു. നമ്മളെ കെട്ടിപിടിച്ചു പതം പറയുന്നു. ആശ്വസിപ്പിക്കുന്നു. നൂറു ചോദ്യങ്ങൾ ചോദിക്കുന്നു. ആകെ ബഹളം!

പക്ഷെ തിരിച്ചു വന്നപ്പോ വീട് ശൂന്യമായിരുന്നു. എല്ലാവരും പോയി. അടുത്ത ബന്ധുക്കൾ അടക്കം. ബാക്കി വന്നത് ഞങ്ങളും വിരലിൽ എണ്ണാവുന്ന കുറച്ചു പേരും. 

അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. 

നഷ്ടപെട്ടത് ഇത്രയും പേർക്ക് മാത്രമാണ്. 

നമ്മുടെ ആളുകൾ ഇത്രയും പേര് മാത്രമാണ്. 

അതിന് ശേഷം ഈ സമൂഹത്തിന്റെ തിട്ടൂരങ്ങൾക്ക് പുല്ലു വിലയെ കൊടുത്തിട്ടുള്ളൂ...

അന്ന് തിരിഞ്ഞു പോലും നോക്കാതിരുന്ന ആളുകൾ ആണ് ഇന്ന് എന്റെ അമ്മയെ അനുസ്മരിക്കുന്നത് 

ഉദ്ദേശം ഒന്നേ ഉള്ളു...

നമ്മുടെ മുഖത്തെ സന്തോഷം അവരെ അസ്വസ്ഥരാക്കുന്നു. അപ്പോൾ എന്തെങ്കിലും പറഞ്ഞു അത് കെടുത്താൻ അവർ വൃഥാ ഒരു ശ്രമം നടത്തുന്നു...

അത്രയേയുള്ളൂ. 

അപ്പോൾ ആരതിയുടെ ചുണ്ടിലെ ചായത്തിന്റെ അളവ് നോക്കുന്നവരോടാണ്...

പോയത് അവർക്കാണ്... നിങ്ങൾക്കല്ല! 

അതുകൊണ്ട് എങ്ങിനെ സങ്കടപെടണം, എങ്ങിനെ ദുഃഖം ആചരിക്കണം എന്നൊന്നും നിങ്ങൾ അവരെ പഠിപ്പിക്കേണ്ട...

അവർ നോക്കിക്കോളും...

അവർ അതിനുള്ള ആളുണ്ട്!

ENGLISH SUMMARY:

Dr Soumya Sarin fb post about Pahalgam victim Aarathi