26 സാധാരണക്കാരുടെ ജീവനെടുത്ത ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം ലക്ഷ്യം വച്ചത്. 9 ഭീകരകേന്ദ്രങ്ങളാണ് സായുധാക്രമണങ്ങളിലൂടെ ഇന്ത്യ തകര്‍ക്കുകയും ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിന്‍റെ ദിവസങ്ങളില്‍ പാകിസ്ഥാന് 'ദൈവിക സഹായം' ലഭിച്ചുവെന്നാണ് പാക് പ്രതിരോധ മേധാവി അസിം മുനീർ പറയുന്നത്.
ഈ മാസം ആദ്യം ഇസ‌്‌ലാമാബാദില്‍ നടന്ന ദേശീയ ഉലമ സമ്മേളനത്തിനിടെയാണ് അസിം മുനീറിന്‍റെ പ്രസ്താവന. ഇന്ത്യ– പാക് സംഘര്‍ഷത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പരാജയപ്പെടുമ്പോൾ സായുധ സേനയ്ക്ക് ‘ദൈവിക സഹായം’ ലഭിച്ചുവെന്നാണ് പറഞ്ഞത്. തങ്ങൾക്ക് അത് അനുഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1,400 വർഷങ്ങൾക്ക് പ്രവാചകൻ സ്ഥാപിച്ച ആദ്യ ഇസ്‌ലാമിക രാജ്യവും പാകിസ്ഥാനും തമ്മിൽ സമാനതകൾ ഉണ്ടെന്നും ഇസ്‌ലാമിക ലോകത്ത് പാകിസ്ഥാന് പ്രത്യേക സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് 57 ഇസ്‌ലാമിക രാജ്യങ്ങളുണ്ടെന്നും അവയുടെ സംരക്ഷകരാകാനുള്ള ബഹുമതി ദൈവം തങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ടെന്നായിരുന്നു പ്രതിരോധ മേധാവിയുടെ പ്രസ്താവന.
മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പും അസിം മുനീര്‍ നല്‍കിയിട്ടുണ്ട്. അതിർത്തി കടന്ന് നുഴഞ്ഞുകയറുന്ന ഭീകരരില്‍ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണെന്നാണ് അസിം മുനീര്‍ പറഞ്ഞത്. പാകിസ്ഥാന്‍ വിരുദ്ധ ഭീകരസംഘടനയായ തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതാണോ അതോ പാകിസ്ഥാനുമായുള്ള സൗഹൃദം നിലനിർത്തുന്നതാണോ നയമെന്ന് താലിബാൻ വ്യക്തമാക്കണമെന്ന് അസിം മുനീർ ആവശ്യപ്പെട്ടു.
കൂടാതെ, ഒരു ഇസ്‌ലാമിക വ്യവസ്ഥയിൽ ജിഹാദ് പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രത്തിന് മാത്രമാണെന്നും അസിം മുനീര്‍ പറഞ്ഞു. വ്യക്തികൾക്കോ അനൗദ്യോഗിക സംഘടനകൾക്കോ അതിന് അവകാശമില്ല. അധികാരത്തിലുള്ളവരുടെ അനുവാദമില്ലാതെ ആർക്കും 'ഫത്വ' പുറപ്പെടുവിക്കാൻ കഴിയില്ലെന്നും അസിം മുനീർ വ്യക്തമാക്കി.