രാവിലെ പത്രം എടുത്തു കൊണ്ടുവരുകയും അപരിചിതരായ ആളുകളെ കണ്ടാൽ കുരച്ച് വിവരമറിയിക്കുകയും ഒക്കെ ചെയ്യുന്ന നായ്ക്കളെ പരിചയമുണ്ടാകും. എന്നാൽ മത്സ്യത്തൊഴിലാളികൾ കായലിൽ വലയിടാൻ പോകുമ്പോൾ ഒപ്പം നീന്തിപ്പോകുന്ന ഒരു നായയുണ്ട് വൈക്കത്ത്. തലയാഴം സ്വദേശി തമ്പിയുടെ വളർത്തുനായയാണ് ആ താരം.
കുഞ്ഞായിരിക്കുമ്പോൾ തമ്പിയുടെ വീട്ടിൽ എത്തിച്ചതാണ് പുഷിനെ. അന്നുമുതൽ നീന്തൽ തന്നെയാണ് ഹരം. ഉടമസ്ഥർ കായലിൽ വലയിടാൻ വസ്ത്രം മാറി കായലിൽ ഇറങ്ങുമ്പോൾ തന്നെ പുഷും ഒപ്പം കൂടും. വള്ളമിറക്കുന്നതിന് മുമ്പേ നീന്തി തുടങ്ങും. പിന്നെ വലയിട്ട് തീരുന്നത് വരെ കായലിൽ വള്ളത്തിന് ചുറ്റുമായി നീന്തി നടക്കും.
എത്ര ദൂരം പോയാലും എത്ര സമയമെടുത്താലും പുഷ് തമ്പിക്ക് ഒപ്പമെ മടങ്ങൂ. കരകയറിയാൽ പിന്നെ പൈപ്പ് വെള്ളത്തിൽ ഒരു കുളി. പിന്നെ അല്പം നേരം വെയിൽ കൊള്ളും. അതാണ് രീതി. തുടർച്ചയായി നാലുമണിക്കൂർ വരെ നീന്താൻ പുഷിന് കഴിയും. നീന്തലിൽ ആളൊരു മിടുക്കിയാണെങ്കിലും അപകടകരമായ കായലിൽ അധികം ഒന്നും നീന്താൻ തമ്പിയും കുടുംബവും ഇപ്പോൾ പുഷ്നെ അനുവദിക്കാറില്ല. മുൻകാലുകൾ വളഞ്ഞിരുന്നതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടങ്ങിയ നീന്തൽ ഇന്ന് ഈ നായക്ക് ഹരമാണ്.