കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലെ അറ്റകുറ്റപ്പണിയിൽ വ്യാപക പരാതി. വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തിയ ടാറിങിന് യാതൊരു ഗുണനിലവാരവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈക്കത്തഷ്ടമി കൊടിയേറ്റിന് ഒരാഴ്ച മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡുകൾ ടാർ ചെയ്യുന്നതാണെങ്കിലും ഇക്കുറി വേണ്ടത്ര മുന്നൊരുക്കവും നല്ല രീതിയിലുള്ള ടാറിങ്ങും ഉണ്ടായില്ല. കഴിഞ്ഞ ദിവസം റോഡ് പൂർണമായും ടാർ ചെയ്യാതെ പേരിനു വേണ്ടി കുഴികൾ അടച്ച് പരാതി ഇല്ലാതാക്കി. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ നിന്ന് തെക്കെ നടയിലേക്കുള്ള റോഡാണ് ഏറെ നാളായി പൊളിഞ്ഞു കിടന്നത്.
റോഡ് ടാർ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് വാർത്ത നൽകിയതിൻ്റെ പിന്നാലെ പിഡബ്ല്യുഡി തിടുക്കത്തിൽ അറ്റകുറ്റപ്പണി നടത്തി പോവുകയായിരുന്നു. വേണ്ടത്ര ഗുണനിലവാരമില്ലാത്തതിനാൽ രണ്ടു മഴ ചെയ്താൽ വീണ്ടും കുഴിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ടെന്നാണ് പരാതി.
ക്ഷേത്രോല്‍സവത്തിന് മുന്നോടിയായി ക്ഷേത്ര റോഡ് നന്നാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പുമായുളള കരാര്‍. വിഷയത്തിൽ ജനപ്രതിനിധികളും ഇടപെട്ടില്ലെന്നാണ് പരാതി.