കോട്ടയം വൈക്കം നഗരത്തിലെ അന്ധകാരത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടഞ്ഞ് നഗരസഭയുടെ നടപടി. ക്ഷേത്രം, ആശുപത്രി, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് മലിനജലം ഒഴുകിയെത്തുന്ന പൈപ്പുകൾ നഗരസഭ അടച്ചു. തോടിന് സമീപം താമസിക്കുന്നവരുടെ ദുരിതം നേരത്തെ മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു
വൈക്കം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് അന്ധകാരത്തോട് മലിനമാക്കുന്ന വഴികൾ കണ്ടെത്തിയത്.
ദേവസ്വം ബോർഡ്, ഒരു സ്വകാര്യ ആശുപത്രി, ഹോട്ടലുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും അന്ധകാരതോട്ടിലേക്കാണ് മാലിന്യം ഒഴുക്കിവിട്ടത്. രണ്ട് ദിവസങ്ങായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മുപ്പതിലധികം ഓവുചാലുകളും പൈപ്പുകളും നഗരസഭ അടച്ചു. ഇവർക്കെല്ലാം നേരത്തെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിൽ നിന്ന് മലിനജലം ഒഴുക്കിയിരുന്ന റോഡിനടിയിലൂടെ ഉള്ള കാന നഗരസഭാ ജീവനക്കാർ അടച്ചു. തോടിന് കുറുകെയുള്ള പൈപ്പുകൾ ഉയർത്തി സ്ഥാപിച്ചു. ടൗൺഹാളിന് സമീപം കലുങ്കിനടിയിലുള്ള ടെലികോം പൈപ്പ് മാറ്റാൻ നടപടി ഉണ്ടായിട്ടില്ല. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് തോടിന്റെ ശുചീകരണം തുടങ്ങിവച്ചത്.
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചതോടെ തോടിന് സമീപം താമസിക്കുന്നവർ ഏറെ നാളായി രോഗഭീതിയിലാണ്. വെള്ളത്തിൽ കോളിഫോം ബാക്ടിരിയായുടെ അളവ് കൂടുതലാണ്. തുടർപരിശോധന ശക്തമാക്കി മാലിന്യം തള്ളുന്നത് ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.