തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂര നടപടി. ആശുപത്രിയിൽ എത്തിച്ച തൊഴിലാളികളുടെ കാലുകൾ ചങ്ങലയിൽ ബന്ധിച്ചു. തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ ജയിൽ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ മൂന്നാം തീയതിയാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ ശ്രീലങ്കൻ കടൽ സേന പിടികൂടിയത്. അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. തൊഴിലാളികളെ ജയിലിൽ അടച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി വൈദ്യപരിശോധനയ്ക്ക്, ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജയിൽ അധികൃതരുടെ ക്രൂര നടപടി.
ജാഫ്ന പെഡ്രോ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മത്സ്യതൊഴിലാളികളെ വിട്ടയച്ചു. കോടതിയിൽ നിന്നും പുറത്തേയ്ക്ക് വന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ മുരുകപ്പെരുമൻ മതിവനനെ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.
ശ്രീലങ്കയിൽ പിടിയിലാകുന്ന മത്സ്യ തൊഴിലാളികളോട് ക്രൂരമായാണ് ശ്രീലങ്കൻ പൊലിസും ജയിൽ അധികൃതരും പെരുമാറുന്നതെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു.