അഭിഭാഷകനെന്ന് തെറ്റിധരിപ്പിച്ച് 209,000 ഓസ്ട്രേലിയന്‍ ഡോളര്‍ (1,33,49,632 രൂപ) തട്ടിയ ഇന്ത്യന്‍ പൗരന് ഓസ്ട്രേലിയയില്‍ രണ്ട് വര്‍ഷം തടവ്. സ്റ്റൂഡന്‍റ് വിസയില്‍ ഓസ്ട്രേലിയയിലെത്തിയ ചണ്ഡിഗഢ് സ്വദേശി പര്‍ദീപ് പര്‍ദീപാണ് അറസ്റ്റിലായത്. പഠനം വിട്ട പര്‍ദീപ് ഊബര്‍ ഓടിച്ചാണ് ഓസ്ട്രേലിയയില്‍ ജീവിച്ചിരുന്നത്.
2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തന്‍റെ വീട് വാങ്ങാനുള്ള നിയമനടപടിക്കായി ഒരു ഓസ്ട്രേലിയന്‍ പൗരന്‍ ഒരു നിയമ സ്ഥാപനത്തെ സമീപിച്ചിരുന്നു. ഈ വാര്‍ത്തയറിഞ്ഞ പര്‍ദീപ് ഇതേ സ്ഥാപനത്തിന്‍റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി. സ്ഥാപനത്തിലെ തൊഴിലാളിയുടെ വിവരം ശേഖരിച്ച് ഐഡി കാര്‍ഡും മറ്റ് രേഖകളുമുണ്ടാക്കി. തുടര്‍ന്ന് വീട് വാങ്ങാന്‍ സഹായിക്കാന്‍ കമ്പനി ഏല്‍പ്പിച്ച നിയമവിദഗ്ധനാണെന്ന് പറഞ്ഞ് വീട് വാങ്ങാനുദ്ദേശിച്ച ആളുമായി ബന്ധം സ്ഥാപിച്ചു.
തുടര്‍ന്ന് ഇയാളില്‍ നിന്ന് 209,000 ഓസ്ട്രേലിയന്‍ ഡോളര്‍ കമ്മിഷനായി കൈപ്പറ്റി. ഇതിനിടെ നിയമസ്ഥാപനവുമായി വീട് വാങ്ങാനുദ്ദേശിച്ച ആള്‍ ബന്ധപ്പെട്ടു. എന്നാല്‍ തങ്ങള്‍ അങ്ങനെ ഒരാളെ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് വീട് വാങ്ങാനുദ്ദേശിച്ച ആള്‍ക്ക് വ്യക്തമായി. ഓസ്ട്രേലിയന്‍ പൗരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പര്‍ദീപ് അറസ്റ്റിലായത്.
സ്വര്‍ണവും വിലകൂടിയ സാധനങ്ങളും വാങ്ങാനാണ് പര്‍ദീപ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. തട്ടിയെടുത്ത തുകയില്‍ 900 ഡോളര്‍മാത്രമാണ് അറസ്റ്റിലായപ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്നത്.