സന്തോഷ് ട്രോഫി ഗ്രാമം എന്നൊരു സ്ഥലമുണ്ട് കേരളത്തില്‍. തിരുവനന്തപുരം പൊഴിയൂര്‍. ഒന്നല്ല മുപ്പതിലധികം സന്തോഷ് ട്രോഫി താരങ്ങളെ സമ്മാനിച്ച പൊഴിയൂരില്‍ ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പിറക്കുന്നത് എസ്എംആര്‍എസ് ഗ്രൗണ്ടിലാണ്. കളിക്കളങ്ങള്‍ അപ്രത്യേക്ഷമാകുന്ന ഈകാലത്ത് പുതതലമുറക്ക് കളിയുടെ ലഹരി പകര്‍ന്ന് നല്‍കുകയാണ് ഈ കളിക്കളം.
ഈസ്റ്റര്‍ പ്രഭാതമാണ്. ഫുട്ബോളില്ലാതെ പൊഴിയൂറുകാര്‍ക്ക് എന്ത് ആഘോഷം....? പൊഴിയൂരിന്റെ മനസും താളവും ഒന്നിക്കുന്ന ഇടമാണ് ഈ കളിക്കളം. കാലുറയ്ക്കുന്ന കൊച്ചുപ്രായത്തില്‍ തന്നെ പൊഴിയൂരിലെ പിള്ളര്‍ എസ്എംആര്‍സി ഗ്രൗണ്ടിലേക്ക് വച്ചുപിടിക്കും. പിന്നെ ഫുട്ബോളാണ് ലഹരി. മുടക്കമില്ലാത്ത എസ്എംആര്‍സി സെവന്‍സ് ടൂര്‍ണമെന്റിന് കിക്കോഫ് ആയിക്കഴിഞ്ഞു.
ചെന്നൈയില്‍ നിന്നു ടൂര്‍ണമെന്‍റിനു മാത്രമായി എത്തിയതാണ് ഫ്രെഡി. ഇവിടെ പന്തുതട്ടിത്തുടങ്ങിയ ഫ്രെഡിയുടെ ഡ്രിബ്ബിളുകള്‍ ഐലീഗ് വരെയെത്തി. ഫ്രെഡിക്കും പൊഴിയൂറുകാര്‍ക്കും ഈ കളിക്കളമെന്താണെന്ന് ഫ്രെഡി പറയും. ഫ്രെഡിയും കേരള ക്യാപ്റ്റന്‍ സീസണ്‍ സെല്‍വന്‍ ഉള്‍പ്പെടെ ഈ മണ്ണില്‍ പന്തുതട്ടി തെളിഞ്ഞ മുപ്പതിലേറെ പേര്‍ സന്തോഷ് ട്രോഫി, ഐലീഗ്, ദേശീയ താരങ്ങളായി. ഉയരെ പറന്നെങ്കിലും ഇന്നും ഈ മണ്ണ് മറന്നിട്ടില്ല അവരില്‍ പലരും. കളിമാത്രമല്ല, ഇവരില്‍ പലര്‍ക്കും ജീവിതം തന്നെ നല്‍കിയത് ഈ മൈതാനമാണ്. അത് നല്‍കുന്ന പ്രചോദനം പുതിയ തലമുറയിലേക്കുമെത്തുന്നു.