kathakali

100 വയസുള്ള അമ്മയുടെ അനുഗ്രഹം വാങ്ങി 74 വയസുകാരനായ മകന്‍ കഥകളിയില്‍ അരങ്ങേറി. പത്തനംതിട്ട വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം.വള്ളിക്കോട് സ്വദേശി മുരളീധരന്‍‌പിള്ളയാണ് എഴുപത്തിനാലാം വയസില്‍ സീതാസ്വയംവരത്തിലെ ദശരഥനായത്. 

കുട്ടിക്കാലത്തേ കഥകളിയും പടയണിയും അടക്കമുള്ള കലാരൂപങ്ങള്‍ മനസില്‍ കയറിയിരുന്നു.പക്ഷേ പഠിക്കാനിറങ്ങും മുന്‍പ് പത്തൊന്‍പതാം വയസില്‍ ജോലിക്കായി നാടു വിടേണ്ടി വന്നു.ഒഡീഷയിലെ സ്വകാര്യ കമ്പനിയില്‍ ആയിരുന്നു ജോലി.അറുപത്തിയാറാം വയസില്‍ വിരമിച്ച് നാട്ടിലെത്തി. അടുത്തിടെയാണ് വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കഥകളി കളരി തുടങ്ങിയത്.പന്തളം ഉണ്ണികൃഷ്ണനായിരുന്നു ഗുരു.എഴുപത്തിരണ്ടാം വയസില്‍ പഠിച്ചുതുടങ്ങി. രണ്ടു വര്‍ഷത്തിന് ശേഷം അരങ്ങേറ്റം.

അമ്മയ്ക്കും മകന്‍ കഥകളി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.അന്ന് കഴിയാത്തത് അമ്മ നൂറാം വയസില്‍ കണ്‍നിറയെ കണ്ടു. പച്ചവേഷത്തിലാണ് മുരളീധരന്‍ പിള്ള അരങ്ങിലെത്തിയത്. പഠിക്കാനേറെയുണ്ട്. പ്രായം വിഷയമേയല്ല എന്ന് മുരളീധരന്‍ പിള്ള തെളിയിക്കുകയാണ്

ENGLISH SUMMARY:

In a touching moment of tradition and devotion, 74-year-old Muraleedharan Pillai from Vallikodu made his Kathakali debut as King Dasharatha in Seethaswayamvaram at Thrikkovil temple, Pathanamthitta. Before stepping onto the stage, he sought the blessings of his 100-year-old mother, making the occasion all the more special.