2022 ഫെബ്രുവരി ആറിനാണ്  പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു പ്രതി. ഏപ്രില്‍ രണ്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായതോടെ കേസില്‍ ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി വിധി പറയും. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍റെ മാല സ്വന്തമാക്കുന്നതിനായാണ് രാജേന്ദ്രന്‍ കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.  ഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണം കയ്യില്‍ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു  പൊലീസിന്‍റെ കണ്ടെത്തല്‍. 

സംഭവദിവസം തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്ക് ജംക്​ഷനില്‍ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി. സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ കുറച്ച് നേരം നടന്നു. അനിയന്‍ ലെയ്നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍ നിന്ന് ഇവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞ് മുന്നോട്ട് നടന്നതോടെയാണ്  ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രന്‍ കണ്ടത്. ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയ്ക്ക് മുന്നിലെത്തുകയായിരുന്നു. ചെടി വാങ്ങാനല്ല, മാലയിലാണ് കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. തുടര്‍ന്ന് പിടിവലിയായി. ഇതോടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. മാല കൈക്കലാക്കിയതിന്  പിന്നാലെ മൃതദേഹം കെട്ടിടത്തിന്‍റെ പിന്‍വശത്ത് കൊണ്ടിട്ട് സ്ഥലം വിട്ടെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.

ക്രൂരകൃത്യത്തിന് പിന്നാലെ പ്രതി അമ്പലമുക്കില്‍ നിന്നും മുട്ടടയിലെത്തി. ഇവിടെ വച്ച് വേഷം മാറി, സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തി. ഈ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് തുണയായത്. വിനീതയുമായുള്ള പിടിവലിക്കിടെ രാജേന്ദ്രന്‍റെ കൈക്ക് പരുക്കേറ്റിരുന്നു. ചോര നില്‍ക്കാതെ വന്നതോടെ പേരൂര്‍ക്കട ആശുപത്രിയിലെത്തിയ പ്രതി കള്ളപ്പേരില്‍ ചീട്ടെടുത്ത് ചികില്‍സ തേടിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. 

രാജേന്ദ്രനെ തിരഞ്ഞ് കന്യാകുമാരിയിലെത്തിയ പൊലീസ് അഞ്ചുഗ്രാമത്തിലെ സ്വര്‍ണപ്പണയശാലയില്‍ നിന്നും പണയം വച്ച സ്വര്‍ണം വീണ്ടെടുത്തു. 95000 രൂപയാണ് സ്വര്‍ണം പണയം വച്ചതിലൂടെ രാജേന്ദ്രന് ലഭിച്ചത്. ഇതില്‍ 32,000 രൂപ ഇയാള്‍ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

Rajendran, an MBA holder from Tamil Nadu, confessed to murdering Vineetha in Kerala for her gold chain after failing to target another woman. He needed money for online trading, police revealed.