മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഫെബ്രുവരി ആറ്.. തിരുവനന്തപുരത്തെ അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ കേരളം നടുങ്ങി. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ പ്രതി രാജേന്ദ്രനായിരുന്നു നാലരപ്പവന്‍റെ മാല കവരുന്നതിനായി ക്രൂര കൊലപാതകം നടത്തിയത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള പ്രതിയുടെ വിവരങ്ങള്‍ പൊലീസിനെ പോലും അമ്പരപ്പിച്ചു.
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയും എംബിഎക്കാരനുമായ രാജേന്ദ്രന്‍ ഓണ്‍ലൈന്‍ ട്രേഡിങിന് പണമില്ലാതായതോടെയാണ് കൊലപാതകം നടത്താന്‍ ഇറങ്ങിത്തിരിച്ചത്. വിനീതയുടെ മാല പണയം വച്ച് കിട്ടിയ പണം ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കായാണ് രാജേന്ദ്രന്‍ വിനിയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. 95,000 രൂപയില്‍ 32,000 രൂപ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചെന്നായിരുന്നു രാജേന്ദ്രന്‍റെ കൂസലില്ലാതെയുള്ള വെളിപ്പെടുത്തല്‍. Read More: നാലരപ്പവന്‍ മാലയ്ക്കായി കഴുത്തില്‍ കത്തി കുത്തിയിറക്കി; ഒന്ന് കരയാന്‍ പോലുമാവാതെ വിനീത
വിനീതയെ കൊലപ്പെടുത്തിയ ശേഷം കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലേക്കാണ് രാജേന്ദ്രന്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെയുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ നിന്നും വിനീതയുടെ മാലയും പൊലീസ് കണ്ടെത്തിയിരുന്നു. പലസ്ഥലങ്ങളിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തവരും രാജേന്ദ്രനെ തിരിച്ചറിഞ്ഞു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ– സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷന്‍ വിശദമായി പഠിച്ചതും ആശ്രയിച്ചതും. 96 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ് എന്നിവയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.