കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ആവർത്തിച്ച് കൂട്ടക്കൊലക്കേസ് പ്രതിയുടെ മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പൊലീസിനോടാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലിൽനിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തിൽ പറഞ്ഞ ഷെമി, പിന്നീടാണു മകനെതിരെ മൊഴി നൽകിയത്.
സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.
അഫാൻ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയിൽ, ഉള്ളിൽച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതിൽ മാത്രം ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എലിവിഷം ശീതള പാനീയത്തിൽ ചേർത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിനു മൊഴി നൽകിയിരുന്നു.
അതേ സമയം അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പിതാവ് റഹീം നേരത്തേ പറഞ്ഞിരുന്നു. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നും റഹീം പറഞ്ഞു. ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോള്‍ താമസിക്കുന്നത്. മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന്‍ അഞ്ച് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്.