പാതിരാത്രിയിൽ പൊലീസുകാർക്ക് പൊല്ലാപ്പായ സിസിലിയൻ എന്ന ഇഴജന്തുവിന്റെ കഥയാണ് ഇനി. തിരുവല്ലയിലാണ് ഇരുതലമൂരിയെന്ന് കരുതി സിസിലിയൻ എന്ന ജീവിയെ യുവാക്കൾ ചേർന്ന് പിടികൂടിയത്. ഒടുവിൽ ഫോറസ്റ്റ് റെസ്ക്യൂ ടീം അംഗം വരുംവരെ ജീവിയുമായി പൊലീസ് സ്റ്റേഷനിൽ യുവാക്കൾ കാത്തുനിൽക്കേണ്ടി വന്നത് രണ്ടു മണിക്കൂറാണ്.
ഞായറാഴ്ച രാത്രി ഒമ്പതര മണി. തിരുവല്ല നഗരത്തിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരിഞ്ഞു നോക്കുമ്പോൾ ബൈക്കിനിടയിലൂടെ എന്തോ ഇഴഞ്ഞുപോകുന്നതാണ് അനീഷും ശ്രീജിത്തും കണ്ടത്. കൈപ്പത്തിയുടെ നീളം. തലയും വാലും ഒരുപോലെ. ഇരുതലമൂരിയെന്ന് കണ്ടുനിന്നവരിൽ ചിലർ സംശയം പറഞ്ഞതോടെ ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആളുകൂടി. ഇതിനിടെ ആരോ വിവരം പൊലീസ് സ്റ്റേഷനിലും അറിയിച്ചു. പാമ്പിനെയും പാമ്പിനെ പിടിച്ചവരെയും പൊലീസ്, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
പിന്നെയാണ് പൊല്ലാപ്പ്. സമയം പത്തര കഴിഞ്ഞു. പാമ്പിനെ ഏറ്റെടുക്കില്ലെന്ന് പൊലീസ്. ഫോറസ്റ്റിൽ നിന്നും ആളുകൾ വരുന്നതുവരെ പാമ്പിനെ പിടിച്ചവർ സ്റ്റേഷനിൽ തുടരണമെന്നും ആവശ്യം. ആരെയും ഉപദ്രവിക്കണ്ടല്ലോ എന്ന് കരുതി പാമ്പിനെ പിടിച്ച യുവാക്കൾ പെട്ടു. രണ്ടു മണിക്കൂറിനു ശേഷം ചെങ്ങന്നൂരിൽ നിന്ന് റെസ്ക്യൂ ടീമംഗമെത്തി. അടിമുടി പരിശോധിച്ച ശേഷം റെസ്ക്യൂ ടീം അംഗം പറഞ്ഞു. പാമ്പല്ല, തോട്ടിറമ്പിൽ കാണുന്ന ഉപദ്രവകാരിയല്ലാത്ത സിസിലിയനാണ് കക്ഷി. ഏതായാലും രണ്ടുമണിക്കൂറത്തെ ആശങ്കകൾക്ക് വിരാമമിട്ട് സിസിലിയനും യുവാക്കളും സ്റ്റേഷൻ വിട്ടു, അവരവരുടെ ഇടത്തേക്ക്.