ai generated image
പാമ്പുകടിയേറ്റ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് മൂന്ന് വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്‌ലാപൂരിലാണ് സംഭവം. നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷ് സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു.
2022 ജൂലൈ 10ന് ബാദ്‌ലാപൂർ ഈസ്റ്റിലെ ഉജ്ജ്വൽദീപ് അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. യുവതിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം അപകടമായി കണക്കാക്കി പോലീസ് അന്ന് കേസ് അപകടമരണമായി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിൽ ലഭിച്ച പുതിയ ചില തെളിവുകളും പോലീസിനെ കേസ് വീണ്ടും അന്വേഷിക്കാൻ പ്രേരിപ്പിച്ചു.
ഗാർഹിക പ്രശ്‌നങ്ങൾ കാരണം ഭാര്യയുമായി അകൽച്ചയിലായിരുന്ന യുവാവ് ഭാര്യയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രൂപേഷും സുഹൃത്തും ചേർന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളന്റിയർ ആയിരുന്ന ചേതൻ വിജയ് ദുധാനിൽനിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിച്ചു. ശേഷം പാമ്പിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.