തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടിലെ എ.സിക്കുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. കിടപ്പുമുറിയിലെ എ.സിക്കുള്ളിലാണ് പാമ്പുകള്‍ സുഖവാസമാക്കിയത്. വിഷം കുറഞ്ഞ കൊമ്പേറി എന്ന പാമ്പുകളെ വനം വകുപ്പ് റെസ്ക്യൂ ടീം അംഗം പിടികൂടിയത്. ഒരെണ്ണം രക്ഷപ്പെട്ടു.
കനത്ത കുംഭചൂടാണ്. അപ്പോള്‍ പിന്നെ എ.സി തന്നെ ശരണമെന്ന് പാമ്പിന് പോലും തോന്നിക്കാണും. ശ്രീകാര്യം ചെറുവയ്ക്കല്‍ താമസിക്കുന്ന ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ മാധവ് ജെ.പണിക്കരുടെ കിടപ്പുമുറിയിലെ എ.സിയിലാണ് പാമ്പുകള്‍ കുടുംബസമേതം തണുത്ത് സുഖിച്ച് താമസമാക്കിയത്. വ്യാഴാഴ്ച ഓഫീസ് വിട്ടുവന്ന മാധവ് തന്നെയാണ് എ.സിക്ക് അടുത്ത് പാമ്പിന്‍റെ അനക്കം കണ്ടത്. വനം വകുപ്പ് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതോടെ ടീമാംഗമായ ഗൗതം എത്തി. എ.സി ഇളക്കി മാറ്റാതെ രക്ഷയില്ലെന്ന് മനസിലാക്കി ടെക്നീഷ്യനെയും വിളിച്ചുവരുത്തി. എ.സി തുറന്നപ്പോള്‍ ഒന്ന് അല്ല, ചെറുതും വലുതുമായ അഞ്ചുപേരുണ്ടെന്ന് മനസിലായി. എസി പൈപ്പിന് കടന്നുപോകുന്ന ചുമരിലെ ദ്വാരത്തിലൂടെയാണ് പാമ്പുകള്‍ അകത്തുകയറിയത്.
ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാലുപേരെ പിടികൂടി. ഒരാള്‍ വന്ന വഴി എ.സി പൈപ്പിലൂടെ തന്നെ രക്ഷപ്പെട്ടു.വിഷം കുറഞ്ഞ കൊമ്പേറി എന്ന് വിളിക്കുന്ന വില്ലൂന്നി ഇനത്തില്‍പ്പെട്ട പാമ്പാണിത്. മരച്ചില്ലുകള്‍ വീടിന്‍റെ ടെറസില്‍ താഴ്ന്നു കിടന്നതുകൊണ്ടാണ് പാമ്പുകള്‍ അകത്ത് കയറാന്‍ കഴിഞ്ഞതെന്നാണ് നിഗമനം. പിടികൂടിയവയെ ആള്‍താമസമില്ലാത്ത പറമ്പില്‍ തുറന്നുവിട്ടു.