AI Generated Image
ഇന്ത്യയിലെ ട്രെയിനുകളില്‍ പാമ്പുകളെ കണ്ടെത്തിയ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഗതാഗത മാര്‍ഗമായ ട്രെയിനുകളില്‍ കയറി, രാജവെമ്പാലകൾ അടക്കമുള്ളവ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയാണെങ്കിലോ? രാജവെമ്പാലകളെ കാണാത്ത സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ ഇവയെ കാണുന്നതിന് കാരണം നമ്മുടെ ട്രെയിനുകള്‍ ആണെങ്കിലോ? അത്തരത്തില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് രാജവെമ്പാലകള്‍ അടക്കമുള്ള പാമ്പുകള്‍ എത്തുന്നത് രാജ്യത്തെ റെയില്‍വേ ശൃംഖല വഴിയാണെന്നാണ് പുതിയ പഠനം.
പശ്ചിമഘട്ടത്തിലെ രാജവെമ്പാലകളെ (ophiophagus kaalinga) സാധാരണയായി നദികൾക്ക് സമീപമുള്ള ഈർപ്പമുള്ള വനങ്ങളിലാണ് കണ്ടുവരാറുള്ളത്. എന്നാല്‍ നിലവില്‍ ഇവ ട്രെയിനുകൾ വഴി ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഗോവയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതായി പഠനത്തില്‍ പറയുന്നു. സാധാരണയായി ഗോവയിലും ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതും ഉൾപ്രദേശങ്ങളിലും, വനപ്രദേശങ്ങളിലും, നദികൾക്കും അരുവികൾക്കും സമീപമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല.
2002 മുതൽ 2024 വരെയുള്ള 22 വർഷത്തെ പാമ്പ് പിടുത്തങ്ങളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വടക്കൻ ഗോവയിൽ 18 ഉം ദക്ഷിണ ഗോവയിൽ 29ഉം സ്ഥലങ്ങളില്‍ രാജവെമ്പാലയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുണ്ടായി. ഇതിൽ അഞ്ചെണ്ണം തിരക്കേറിയ റെയിൽവേ ലൈനുകൾക്ക് സമീപമായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ശൃംഖലയായ ഇന്ത്യയിലെ റെയിൽവേ ശൃംഖലകൾ രാജവെമ്പാലയുടെ കുടിയേറ്റത്തിനും അനുയോജ്യമല്ലാത്ത ആവാസ വ്യവസ്ഥകളിലേക്ക് മാറുന്നതിനും കാരണമാകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. മുന്‍പും ട്രെയിനുകളില്‍ രാജവെമ്പാലകളെ കണ്ടെത്തിയ സംഭവലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എങ്ങിനെയാണ് ഇവ ട്രെയിന്‍ കയറുന്നത്? വരണ്ടതും തുറന്നുകിടക്കുന്നതുമായ റെയിൽവേ ട്രാക്കുകളിൽ രാജവെമ്പാലകള്‍ക്ക് ഇരകള്‍ ഒന്നുമില്ല. സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ നഷ്ടപ്പെട്ട് കാടിറങ്ങുന്ന ഇവ എലികളെ പിന്തുടര്‍ന്നോ തണല്‍ തേടിയോ ഗുഡ്സ് ട്രെയിനുകളടക്കമുള്ളവയില്‍ കയറും. അതില്‍ പെട്ടുപോകുന്ന ഇവ പിന്നീട് കിലോമീറ്ററുകള്‍ ട്രെയിനുകളില്‍ സഞ്ചരിച്ച് ഒടുവില്‍ ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെടുന്നെന്നുമാണ് പഠനം.
രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ ഇത്തരത്തില്‍ അപ്രതീക്ഷിതമായി ട്രെയിനില്‍ സഞ്ചരിക്കുന്നതിലൂടെ അവയുടെ ആവാസ പരിധി വികസിപ്പിച്ചേക്കാം എന്നും ഗവേഷകര്‍ കരുതുന്നുണ്ട്. ഇന്ത്യയിലെ ട്രെയിനുകള്‍ എലികളുടെയും മറ്റ് ചെറിയ ജീവികളുടേയും രൂപത്തില്‍ ഇവയ്ക്ക് ഭക്ഷണം ഒരുക്കുന്നുമുണ്ട്. മനുഷ്യരെ ബന്ധിപ്പിക്കുന്ന റെയിൽവേകൾ അബദ്ധവശാൽ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന്‍റെ കാരണക്കാരായും വര്‍ത്തിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
ഈ കുടിയേറ്റം മനുഷ്യന് മാത്രമല്ല, പാമ്പുകള്‍ക്കും ഭീഷണിയാണ്. ഒരു ജീവിവർഗത്തിന് ഇത്തരത്തിലുള്ള ആകസ്മികമായ സ്ഥലംമാറ്റം അതിജീവിനത്തിന്‍റെ ആരംഭം കൂടിയാണ്. അവയുടെ ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ സ്ഥലങ്ങളില്‍ ചെന്നെത്തുന്നത് അവയുടെ അതിജീവന സാധ്യത കുറയ്ക്കുന്നു. കൂടാതെ പ്രദേശവാസികൾക്കിടയിലെ ഭയവും പാമ്പുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാത്രമല്ല ട്രെയിനിൽ പാമ്പിനെ കാണുക എന്നത് ഭയപ്പെടുത്തുന്നതും അപകടകരവുമാണ്. അവ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ബയോട്രോപിക്ക എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.