ഒത്തുചേരലുകളുടെ കാലം കൂടിയാണ് റമസാന്‍. വയനാട്ടിലെ മേപ്പാടിയില്‍ നോമ്പുതുറക്കാനെത്തുന്നവരെല്ലാം ഒത്തുകൂടുന്ന ഒരിടമുണ്ട്. ചൂരല്‍മലക്കാരന്‍ റഫീക്കിന്റ ചായക്കട. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിന്റ വേദന ഉള്ളില്‍ അലയടിക്കുമ്പോഴും നാട്ടുകാര്‍ക്ക് സ്വാദേറുന്ന നോമ്പ് വിഭവങ്ങള്‍ വിളമ്പുകയാണ് റഫീക്കും സുഹൃത്തുക്കളും
ഉളളിലെ ആന്തല്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ എണ്ണയില്‍ പൊരിയുന്ന ഈ വിഭങ്ങളിലെല്ലാം ഇവരുടെ സ്നേഹം നിറച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഉറ്റവര്‍ക്ക് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കിലും വീടും സ്ഥലവും എല്ലാം ഉരുളെടുത്തു. ഒമാനില്‍ നാട്ടിലെത്തിയ റഫീക് പിന്നെ തിരികെപോയില്ല, രണ്ടുമാസം മുമ്പ് ജീവിക്കാനായി മേപ്പാടിയില്‍ ചായക്കട തുറന്നു. എല്ലാത്തവണയും നാട്ടിലെത്തി കുട്ടികള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിച്ച് മടങ്ങിയിരുന്ന റഫീക്കിന് ഈ റമസാന്‍ കാലം നാട്ടുകാര്‍ക്കൊപ്പമാണ്.
ഉറ്റസുഹൃത്തായ സുരേഷും റഫീക്കിനൊപ്പം സഹായത്തിനുണ്ട്. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സുരേഷിനും ആകെയുള്ളത് കടയിലെ ഈ ജോലി മാത്രമാണ്. അലമാരയില്‍ വിഭവങ്ങള്‍ ഒന്നൊന്നായി വന്നുനിറയുകയാണ്.എണ്ണയില്‍ പൊരിച്ചെടുത്തതിന്റ മാത്രമല്ല, അതിജീവനത്തിന്‍റ ചൂട് കൂടിയുണ്ട് ഓരോ വിഭവത്തിലും.