ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈസ്തവ സഭയെ വിമര്‍ശിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന ഉത്തരവാദി ക്രൈസ്തവ സഭ തന്നെയാണന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞു. സഭയുടെ വീഴ്ച കഴിഞ്ഞേ കുടുംബങ്ങളുടെയും ഭർത്താവിന്റെയും വീഴ്ച വരുന്നുള്ളൂവെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ മെത്രാപ്പോലീത്തയുടെ വിമർശനം.
അതേ സമയം ഷൈനിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തി. ഏറ്റുമാനൂരിലെ ഷൈനിയുടെ വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഷൈനിയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതായി നോബി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.