കോട്ടയം ഏറ്റുമാനൂർ നീറിക്കാട്, ഹൈക്കോടതി അഭിഭാഷകയായ ജിസ്‌മോൾ മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഭർതൃവീട്ടിൽ ജിസ്മോൾക്ക് ക്രൂരപീഡനം ഏറ്റിരുന്നതായി ജിസ്മോളുടെ പിതാവ് ഉൾപ്പെടെയുള്ളവർ മൊഴി നൽകി. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജിസ്സ്‌മോളുടെ പിതാവ് പി കെ തോമസ് ഇമെയിൽ മുഖേനെ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും. അന്വേഷണം ഏറ്റെടുത്ത കോട്ടയം ക്രൈംബ്രാഞ്ച് ജിസ്മോളുടെ വീട്ടുകാർ, ബന്ധുക്കൾ, സമരസമിതി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. 

ജിസ്മോളെ ശാരീരികവും മാനസികവുമായി  ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി കുടുംബം ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ പതിവായി അപമാനിക്കപ്പെട്ടു. കേസിൽ ജിസ്മോളുടെ ഭർത്താവ് നീറിക്കാട് സ്വദേശി ജിമ്മിയും ഭർതൃ പിതാവ് ജോസഫും നേരത്തെ അറസ്റ്റിലായെങ്കിലും മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഭർതൃമാതാവിനെയും ഭർതൃ സഹോദരിയെയും കേസിൽ അറസ്റ്റ് ചെയ്യണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 15 നാണ് ജിസ്‌മോൾ മക്കളായ അഞ്ചുവയസ്സുകാരി നേഹയെയും രണ്ടു വയസ്സുകാരി നോറയും കൂട്ടി പുഴയിൽചാടി ആത്മഹത്യ ചെയ്തത്.

ENGLISH SUMMARY:

Ettumanoor Suicide Case: The crime branch investigation is progressing in the case of Adv. Jismol's suicide with her children in Neerikkad, Ettumanoor, Kottayam. Allegations of domestic abuse at her husband's home have been reported, and the investigation aims to file a charge sheet soon.