ചില പേരുകൾ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകങ്ങളാണ്. അർബുദത്തെ ചിരിയോടെ നേരിട്ട 56 കാരിയായ തങ്കമ്മ ചേച്ചി ഇന്ന് ഹരിത കർമ്മ സേനയിലെ പോരാളിയാണ്.
എറണാകുളം ആലുവ കീഴ്മാട് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ തങ്കമ്മ ചേച്ചിക്ക് മൂത്രശങ്ക നിയന്ത്രിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ വന്നതോടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യ പരിശോധനയിൽ തന്നെ ഡോക്ടർക്ക് സംശയം. പിന്നാലെ അർബുദം സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ. തങ്കമ്മ ചേച്ചിക്ക് സർവിക്കൽ ക്യാൻസർ ആണെന്ന് ഫലം വന്നു.
സർവിക്കൽ ക്യാൻസർ എന്ന വസ്തുതയോട് മുഖാമുഖം നേരിട്ടു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി ചേർന്നപ്പോൾ, ചികിത്സയും അതിജീവനവും കൂടുതൽ വെല്ലുവിളിയായി.
എന്നാൽ, തങ്കമ്മ ചേച്ചി പൊരുതി. ചികിത്സ കഴിഞ്ഞ് ആരോഗ്യത്തിലേക്ക് മടങ്ങിയ ഉടൻ തന്നെ ഹരിത കർമ്മ സേനയുടെ യൂണിഫോം വീണ്ടും അണിഞ്ഞു. കഠിനാധ്വാനം മുഖേന ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന ആത്മവിശ്വാസം തന്നെയാണ് അവളെ വീണ്ടും പ്രവർത്തനക്ഷമയാക്കിയതും, മറ്റുള്ളവർക്കും പ്രചോദനമായതും.