പ്രണയത്തോളം തീവ്രമാണ് വിരഹമെന്ന നൊമ്പരവും. ജീവന്‍റെ ജീവനായി വന്ന പങ്കാളി പാതി വഴിയില്‍ മണ്ണോട് ചേരുമ്പോള്‍ അവരുടെ ഓര്‍മയില്‍ തള്ളി നീക്കുന്ന ജീവിതത്തില്‍ നൊമ്പരമായി എന്നും വിരഹമുണ്ടാവും. ഒരിക്കലും ആഘോഷിക്കപ്പെടേണ്ട ഒന്നല്ല വിരഹമെങ്കിലും പ്രണയത്തിന്റെ ആഴത്തെ കുറിച്ചറിയാന്‍ ഒരിക്കലെങ്കിലും വിരഹവേദന അറിഞ്ഞിരിക്കണം എന്നാണ് പറയുന്നത്. പ്രണയത്തോളം തന്നെ ലോലവും ഒരു പക്ഷെ അതിലേറെ ശക്തവുമാണ് വിരഹത്തിന്റെ നൊമ്പരം.
ബക്കർക്കായുടെ ഭാര്യ മരണപ്പെട്ടിട്ട് 26 വർഷം കഴിഞ്ഞു, ഇപ്പോഴും ഭാര്യയുടെ ഫോട്ടോ തന്‍റെ അരയിലെ പേഴ്സിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ് ആ മനുഷ്യന്‍. വീട്ടിലും പുറത്തും എന്നുവേണ്ട താന്‍ പോകുന്നിടത്തെല്ലാം ആ പേഴ്സുണ്ട് കൂടെ. പേഴ്സിനെ പറ്റി ചോദിക്കുമ്പോള്‍ ബക്കർക്കായുടെ മറുപടി ഇങ്ങനെയാണ് ‘എന്‍റെ മരണശേഷം മാത്രമേ ഈ ഫോട്ടേയും പേഴ്സും ഒഴിവാക്കാൻ പറ്റു, ഓള്‍ എന്‍റെ ജീവനായിരുന്നു ’
ഓര്‍മകളില്‍ മരിക്കാത്ത തന്‍റെ പ്രിയതമയോടുള്ള സ്നേഹമാണ് വര്‍ഷം 26 കഴിഞ്ഞിട്ടും അരയിലെ പേഴ്സിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ ചിത്രം, തന്‍റെ ജീവന്‍റെ തുടിപ്പ് ആ ചിത്രം അറിയണമെന്ന് ബക്കർക്കായിക്ക് വാശിയാണ്, നിറ കണ്ണുകളോടെ ഓര്‍മയിലെ പ്രണയം പങ്കുവച്ച് നടന്ന് നീങ്ങുമ്പോള്‍ പശ്ചാത്തലമായി ബക്കർക്കാ ആ ഗാനം കേട്ടു..‘എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ..മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ എന്നിലെ റൂഹിലേ പകുതിയല്ലേ’