സഹപ്രവര്‍ത്തകര്‍ക്കു പുതുജീവന്‍ നല്‍കി മരണത്തിലും അമരനായി മലയാളി സൈനികന്‍. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കാസര്‍കോട് പെരുമ്പള സ്വദേശി കെ.നിധീഷിന്റെ അവയവങ്ങളാണു നാലു സൈനികരടക്കം ആറുപേര്‍ക്ക് മാറ്റിവച്ചത്.
ഹരിയാന അമ്പാലയിലെ കരസേനാ കേന്ദ്രത്തില്‍ സിഗ്നല്‍മാനായ നിധീഷ് ശനിയാഴ്ചയാണു വാഹനാപകടത്തില്‍പെടുന്നത്. ഉടന്‍ ബെംഗളുരുവിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. ഉടപ്പിറപ്പിന്റെ വേര്‍പാടുണ്ടാക്കിയ വേദനകള്‍ക്കിടയിലും ഭാര്യയും സഹോദരനുമടക്കമുള്ളവര്‍ അവയവദാനത്തിനു സന്നദ്ധരായി. പിന്തുണയുമായി കരേസനാ ഉന്നത ഉദ്യോഗസ്ഥരുമെത്തിയതോടെ ചികിത്സയിലുള്ള മൂന്നു സൈനികർക്കായി കരൾ, കോർണിയ, വൃക്ക എന്നിവ എയർ ആംബുലൻസിൽ മണിക്കൂറുകൾക്കകം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു.
ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു സൈനികനു വൃക്കയും നൽകി. ഹൃദയവും, ശ്വാസകോശവും പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തിച്ചു രോഗികളില്‍ മാറ്റിവച്ചു. 2014ൽ കരസേനയിൽ പ്രവേശിച്ച നിധീഷ് ജനുവരി അവസാനമാണ് അവധിക്കായി നാട്ടിലെത്തിയത്. ശനിയാഴ്ച അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.