നിരാലംബർക്ക് കാരുണ്യവുമായി ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോറ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. ഓരോ പൊതിയിലുമുണ്ട് സ്‌നേഹവും കരുതലും എന്ന ലക്ഷ്യവുമായിട്ടാണ് വിവിധ മെഡിക്കൽ കോളേജുകൾ അടക്കം സംസ്ഥാനത്തെ 59 ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നത്. ഇപ്പോഴിതാ സിപിഎം തിരുമല ലോക്കല്‍ കമ്മറ്റിയുടെ പേജില്‍ പ്രചരിക്കുന്ന ചിത്രമാണ് വൈറല്‍.
പൊതിച്ചോറിനൊപ്പം ഒരു കത്തും 500 രൂപയും , ഇത് നാളത്തെ ഊണിന് വേണ്ടി, വേഗം സുഖമായി വീട്ടിലെത്തട്ടെയെന്നണ് കത്തിലുള്ളത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. കണ്ണുനിറയുന്ന ചിത്രം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഇതൊന്ന് മാറ്റി പിടി, കുറെ നാളായല്ലോ ഇതെ നമ്പര്‍ ഇറക്കുന്നു എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.
കഴിഞ്ഞ് ഏഴുവര്‍ഷമായി ഡിവൈഎഫ്ഐ ജില്ലകളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളെ കേന്ദ്രീകരിച്ചു നടത്തി വരുന്ന 'ഹൃദയപൂര്‍വം' പദ്ധതിയുടെ കീഴിലാണ് പൊതിച്ചോര്‍ വിതരണം. രാവിലെ പാകം ചെയ്യുന്ന ഭക്ഷണം വാഴയിലയിലാക്കി പത്രമുപയോഗിച്ച് പൊതിഞ്ഞ് രാവിലെ വീട്ടിലെത്തുന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ കൈവശം കൊടുത്തയക്കുകയാണ് പതിവ്. വിവിധ വീടുകളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് പൊതിച്ചോറുകള്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെത്തും.